എഡിറ്റര്‍
എഡിറ്റര്‍
പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി.പി.ഐ.എമ്മിന്റെ നിരാഹാര സമരം
എഡിറ്റര്‍
Monday 6th January 2014 12:25pm

pinaray

തിരുവനന്തപുരം: പാചകവാതക വിലവര്‍ദ്ധനത്തിനെതിരെ സി.പി.ഐ.എം പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റാണ് സമരത്തെ കുറിച്ച് തീരുമാനമെടുത്തത്.

അസംബ്ലി – നിയോജക മണ്ഡല അടിസ്ഥാനത്തില്‍ 140 മണ്ഡലങ്ങളിലെ 1400 കേന്ദ്രങ്ങളിലായിരിക്കും നിരാഹാര സമരം നടക്കുക.

അടുപ്പുകൂട്ടി സമരം പോലെ കുടുംബങ്ങളേയും നാട്ടുകാരേയും ഒന്നിപ്പിച്ചാണ് സമരം നടത്തുകയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ##പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കയറ്റം റിലയന്‍സ് പോലുള്ള കമ്പനികളെ സഹായിക്കാണ്. ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തെത്തുവാനാണ് പാര്‍ട്ടി തീരുമാനമെന്നും പിണറായി പറഞ്ഞു.

അതേസമയം ദേശാഭിമാനി ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിണറായി പ്രകോപിതനായി.  ഭൂമി ഇടപാടില്‍ അസ്വാഭവികതയില്ലെന്നും ഭൂമി വിറ്റത് വിവാദ വ്യവസായിക്കല്ലെന്നും പിണറായി പറഞ്ഞു

മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പക്കരുത്. ദേശാഭിമാനി പത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഏഷ്യാനെറ്റ് ശ്രമിക്കുകയാണ്. അതിന്റെ തലപ്പത്തിരിക്കുന്നവരുടെ താത്പര്യം പാര്‍ട്ടിക്ക് മനസിലാകുന്നുണ്ടെന്നും പിണറായി പറഞ്ഞു.

തെളിവുകളുടെയും ഡോക്യുമെന്റുകളുടേയും അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന ഏഷ്യാനെറ്റ് ലേഖകന്റെ മറുപടിക്ക് നിങ്ങളെ പോലെ ഒളിച്ചുവെക്കുന്ന ഡോക്യുമെന്റല്ല കൃത്യമായ ഡോക്യുമെന്റ് പാര്‍ട്ടിയുടെ കയ്യിലുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.

ഏഷ്യാനെറ്റ് നടത്തുന്ന വ്യാജ അപവാദ പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. പൊള്ളയായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിക്കല്ല മറിച്ച് ഇത്തരത്തിലുള്ള മറുപടി നല്‍കി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.

ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രിയാകാന്‍ സി.പി.ഐ.എം ഓഫര്‍ നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഓഫര്‍ ഉണ്ടെങ്കില്‍ അത് ആരെങ്കിലും പരസ്യമാക്കുമോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.

ആരെയും ദൂതനായി അയച്ച് ഓഫര്‍ നല്‍കുന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്നും പിണറായി പറഞ്ഞു.

Advertisement