തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഭരണം തുടരാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കുമെന്ന നിഗമനത്തിലേക്കാണ് സെക്രട്ടറിയേറ്റ് എത്തിച്ചേര്‍ന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ഉണ്ടായില്ലെന്നും അഴിമതിരഹിതനായ മുഖ്യമന്ത്രിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഗുണംചെയ്തതായും 78 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എല്‍.ഡി.എഫിനോട് ശത്രുതപുലര്‍ത്തിയില്ലെന്നും എന്‍.എസ്.എസ് സമദൂരത്തിലായിരുന്നില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഭരണനേട്ടം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞതും പ്രതിപക്ഷത്തിന്റെ അഴിമതി തുറന്നുകാണിക്കാന്‍ കഴിഞ്ഞതും ഗുണംചെയ്തുവെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. എന്നാല്‍ നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് സി.പി.ഐ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിവിധ ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് സെക്രട്ടറിയേറ്റ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.