തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പുഫലങ്ങള്‍ വിശദമായി അവലോകനം ചെയ്യാനായി സി.പി.ഐ.എമ്മിന്റെ നേതൃയോഗങ്ങള്‍ തുടങ്ങി . ആദ്യദിനം സംസ്ഥാന സെക്രട്ടറിയേറ്റും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാന കമ്മറ്റിയുമാണ് നടക്കുക. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കുന്നുണ്ട്.

തദ്ദേശഭരണ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രാഥമികാവലോകനം പാര്‍ട്ടി നേരത്തേ നടത്തിയിരുന്നു. വിവിധ ജില്ലാഘടകങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളാണ് ഇനി ചര്‍ച്ചചെയ്യുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും ന്യൂനപക്ഷവിഭാഗങ്ങളുടെ ഏകീകരണവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രാഥമികവിലയിരുത്തല്‍.

വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും സംസ്ഥാനകമ്മറ്റിയില്‍ ചര്‍ച്ചനടന്നേക്കും. പാര്‍ട്ടിക്ക് എവിടെയെല്ലാം പിഴവ് പറ്റിയെന്ന് മനസിലാക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനുള്ള വേദിയായിരിക്കും കമ്മറ്റികള്‍.