തിരുവനന്തപുരം: സമ്മേളനങ്ങള്‍ മുന്നില്‍ക്കണ്ട് സി.പി.ഐ.എമ്മില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സെക്രട്ടേറിയറ്റും അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുക.

വി.എസ് അനുകൂലപ്രകടനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നടക്കുന്ന കൂട്ട ‘ശുദ്ധീകരണ’ പ്രക്രിയയും അതിനെതിരെ വി.എസ് അച്ച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകളും ബെര്‍ലിന്‍ കുഞ്ഞനന്ദന്‍ നായരുടെ വീട്ടില്‍ വി.എസ് സന്ദര്‍ശനം നടത്തിയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും.

കൊല്‍ക്കത്തയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റി സംസ്ഥാന വിഷയങ്ങള്‍ സംസ്ഥാനത്തു തന്നെ ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. യോഗത്തില്‍ കേന്ദ്ര കമ്മിറ്റി പ്രതിനിധിയായി എസ്.ആര്‍.പി യാണ് പങ്കെടുക്കുന്നത്.

അതേസമയം പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.