തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫളം വിലയിരുത്തുന്നതിനുള്ള സി.പി.ഐ.എം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്നും എന്നാല്‍ സാമുദായിക ധ്രുവീകരണം മൂലമാണ് ഭരണം നഷ്ടമായതെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രചാരണം ഉണ്ടാക്കിയ മേല്‍ക്കൈ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നാണ് സൂചന.

ഇന്നലെയും ഇന്നുമായി സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് യോഗം ചേരുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം കാരാട്ട് യോഗത്തില്‍ അവതരിപ്പിക്കും. പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാകും അന്തിമ തീരുമാനം. സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാകും ഔപചാരികമായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നു.

ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചാണ് പിണറായി വിജയന്‍ കരട് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാനത്ത് വി.എസ് തരംഗമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതിയാണ് പ്രധാനമായും മുന്നണിക്ക് അനുകൂലമായത്. ടു ജി സ്‌പെക്ട്രം, ആദര്‍ശ് ഫ് ളാറ്റ്, കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയവ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിച്ചു. ഇടമലയാര്‍ കേസിലെ വിധിയും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചു.

സീറ്റ് നിഷേധിച്ചപ്പോള്‍ വി.എസിന് അനുകൂലമായി നടന്ന പ്രകടനങ്ങളില്‍ ചിലത് പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിലയിടത്ത് പ്രകടനങ്ങളില്‍ പങ്കെടുത്തത് ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്‍.ഡി.എഫ് മേഖലാ ജാഥകളും മുന്നണിക്ക് ആവേശം പകര്‍ന്നു.

മുന്നണിക്ക് 74 സീറ്റ് ലഭിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നത്. സീറ്റ് കുറഞ്ഞതില്‍ സംഘടനാപരമായ വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കും. സാമുദായിക ധ്രുവീകരണം യു.ഡി.എഫിന് അനുകൂലമായതാണ് പ്രധാനമായും ദോഷം ചെയ്തത്.