എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരനും കൂട്ടരും സ്ഥാനമോഹികള്‍, ആര്‍.എം.പി ഊതിവീര്‍പ്പിച്ച ബലൂണ്‍: സി.പി.ഐ.എം
എഡിറ്റര്‍
Tuesday 15th May 2012 3:49pm

തിരുവനന്തപുരം: ആര്‍.എം.പി നേതാവായ ടി.പി. ചന്ദ്രശേഖരനെയും കൂട്ടരെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വെറും ഊതിവീര്‍പ്പിച്ച ബലൂണാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. ടി. പി. ചന്ദ്രശേഖരനും കൂട്ടരും ഏറാമലയില്‍ നടത്തിയത് നഗ്നമായ സ്ഥാനമോഹമാണെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇക്കൂട്ടര്‍ വിപ്ലവ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നത് തീര്‍ത്തും അപഹാസ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ചന്ദ്രശേഖരനും കൂട്ടരും പാര്‍ലമെന്റ് ആര്‍ത്തിയും കമ്മ്യൂണിസ്റ്റ് മൂല്യരാഹിത്യവുമാണ് കാട്ടിയത്. അവിടുത്തെ പഞ്ചായത്ത് ഭരണം പങ്കിടുന്നതിന് സി.പി.ഐ.എമ്മും ഇടതുമുന്നണിയിലെ ഘടകകക്ഷികളും തമ്മില്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ഇത് അംഗീകരിക്കാതെയാണ് ചന്ദ്രശേഖരനും എന്‍. വേണുവും പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ചന്ദ്രശേഖരന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എല്‍.ഡി.എഫിന്റെ തോല്‍വിക്ക് കാരണമായതായും യു.ഡി.എഫിനെ സഹായിക്കാനായിരുന്നു ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.

തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരുന്നു പ്രസ്താവന പുറത്തിറക്കിയത്. ചന്ദ്രശേഖരന്‍ വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ രൂക്ഷവിമര്‍ശങ്ങളെക്കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമില്ല. വി.എസ്. അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിയുടെ മേല്‍ കെട്ടിവെയ്ക്കന്‍ യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിതെന്നും ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി അണികളും ബന്ധുക്കളും ഒരുമിച്ച് മുന്നോട്ടുവരണമെന്നും പ്രസ്താവനയില്‍ ആഹ്വാനം ചെയ്യുന്നു.

സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ പൂര്‍ണരൂപം

ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ.എമ്മി നെയും ലക്ഷ്യംവച്ചുള്ള ഇപ്പോഴത്തെ ആക്രമണം സവിശേഷ സാഹചര്യത്തിലാണ്. സംസ്ഥാനം ഭഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയെയാണ് നേരി ടുന്നത്. ഒരു വര്‍ഷത്തെ അവരുടെ ഭഭരണം, ജനങ്ങളിലാകെ കടുത്ത അസംതൃപ്തിയുണ്ടാക്കി. അതിരൂക്ഷമായ വിലക്കയറ്റം പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കി. കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത് കടുത്ത സാമ്പത്തിക ഭാരമാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. അത് വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. മുസ്‌ലീം ലീഗിന്റെ തിട്ടൂരത്തിനു വഴങ്ങി സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന വിധ ത്തില്‍ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സിലും ഘടകകക്ഷികളിലും അമര്‍ഷം പുകയുകയാണ്. പണവും വാഗ്ദാനങ്ങളും നല്‍കി ശെല്‍വരാജിനെ ചാക്കില്‍ കയറ്റി രാജിവെപ്പിച്ച് ആ കാലുമാറ്റക്കാരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയ യു.ഡി.എഫിനെതിരെ കടുത്ത അമര്‍ഷമാണ് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ ഭിന്നത ഉടലെടുത്തിരിക്കുന്നു. കടലില്‍ മത്സ്യത്തൊഴിലാളി കളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരായ കൊലയാളികളെ സംരക്ഷിക്കുന്ന നില പാട് സ്വീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാരിനും യു.ഡി.എഫ് സര്‍ക്കാരിനുമെതിരെ ഇരമ്പിയ ജനരോഷം ചെറുതല്ല. ഈ പശ്ചാത്തലത്തിലാണ് സി.പി.ഐ (എം) നെതിരായ ഗൂഢാലോചന അരങ്ങേറുന്നത്. ടി.പി. ചന്ദ്രശേഖരന്റെ അതിനിഷ്ഠൂരമായ കൊല, ഈ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. കൊല നടന്ന ഉടന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കന്മാരും സി.പി.ഐ.എം നെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ വ്യഗ്രത കാട്ടിയത് ഈ സംശയം വര്‍ദ്ധിപ്പി ക്കുന്നു. അതിദാരുണമായ ഈ വധം നീചവും നികൃഷ്ടവും ദുഃഖകരവുമാണ്. ഈ കൊലപാതകെ ത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിക്കുകയും പാര്‍ടിയുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയുമുണ്ടായി. കൊലപാതകികളെ കണ്ടുപിടിക്കുന്നതിന് ജാഗ്രതയാര്‍ന്ന അന്വേഷണംവേണമെന്നും പാര്‍ടി ആവശ്യപ്പെട്ടു.

പാര്‍ട്ടി ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ, ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. കൊലയാളികളെയും അവരെ കൊലയ്ക്ക് പ്രേരിപ്പിച്ചവരെയും എത്രയും വേഗം കണ്ടുപിടിച്ച് നീതിന്യായ സംവിധാനത്തിനു മുന്നില്‍ ഹാജരാക്കി അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കുവാന്‍ അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതുണ്ട. അഭിപ്രായവ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മ ചെയ്യല്‍ പാര്‍ട്ടിയുടെ നയമല്ല. രാഷ്ട്രീയ കാരണങ്ങളാലോ, സംഘടനാപരമായ കാരണങ്ങളാലോ പാര്‍ട്ടി വിട്ടുപോയ ഒരാളെ പ്പോലും കൊലപ്പെടുത്താന്‍ പാര്‍ട്ടി തുനിഞ്ഞിട്ടില്ല. ഈ സത്യങ്ങളെയെല്ലാം മൂടിവച്ചാണ്, പാര്‍ട്ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്.

2008ലാണ് ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായിരുന്ന ടി.പി ചന്ദ്രശേഖരന്‍, ഒരുപറ്റം പ്രവര്‍ത്തകരെയും ചേര്‍ത്ത് പാര്‍ട്ടി വിട്ടത്. ഒഞ്ചിയം ഏരിയയിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് എല്‍.ഡി.എഫ് കൈക്കൊണ്ട തീരുമാനപ്രകാരം രണ്ടരകൊല്ലത്തി നുശേഷം ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം സി.പി.ഐ.എം ഉം ജനതാദളും പരസ്പരം മാറണമെന്നായിരുന്നു. പിന്നീടും പാര്‍ട്ടിവിട്ട വേണുവായിരുന്നു ഏറാമല പഞ്ചായത്തിന്റെ 2005 മുതലുള്ള പ്രസിഡന്റ്. അത് മാറുന്നതിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഇവര്‍ ഒരുപറ്റം സഖാക്കളെ കൂടെ നിര്‍ത്തിയത്. ഇത് നഗ്‌നമായ സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയും കമ്മ്യൂണിസ്റ്റ് മൂല്യരാഹിത്യവുമാണ്. മുന്നണി മര്യാദയുടെ ലംഘനത്തിന് ജില്ലാ പാര്‍ട്ടി നേതൃത്വം തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഇവര്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ടിയുണ്ടാക്കിയത്. ഇതില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രശ്‌നമൊന്നും അടങ്ങിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ വേറിട്ടു മാറിയവരുടെ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള പ്രകടമായ വ്യതിയാനം മാത്രമാണ്. എന്നിട്ട് ഇക്കൂട്ടര്‍ വിപ്ലവ മാര്‍ക്‌സിസ്റ്റുകള്‍ എന്ന് സ്വയം വിളിക്കുന്നത് അപഹാസ്യമാണ്. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ജയിപ്പിക്കാന്‍ സഹായ കരമായ തരത്തില്‍ എല്‍.ഡി.എഫ് വോട്ടില്‍ അല്‍പ്പം വിള്ളലുണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു. 2010 ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍, ഏറാമല പഞ്ചായത്ത് ജയിക്കാന്‍ വീരന്‍ വിഭാഗം ജനതാദള്‍ കൂടി ചേര്‍ന്ന യു.ഡി.എഫിന് പ്രയാസമുണ്ടായില്ല. എന്നാല്‍, ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍.എം.പി വിജയിച്ചത് യു.ഡി.എഫുമായി ധാരണയുണ്ടാക്കിയ വാര്‍ഡുകളില്‍ മാത്രമാണ്. അതു കഴിഞ്ഞ് 2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ പിളര്‍പ്പന്‍ പണിയെടുത്തിട്ടും, വീരേന്ദ്രകുമാര്‍ ജനതാദള്‍ ഉള്‍ക്കൊള്ളുന്ന യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു.

യു.ഡി.എഫും ഒരുപറ്റം ബൂര്‍ഷ്വാ മാധ്യമങ്ങളും ഊതിവീര്‍പ്പിച്ച ;റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എന്ന ബലൂണ്‍ കാറ്റൊഴിയാന്‍ തുടങ്ങിയെന്ന് ഇതോടെ വ്യക്തമായി. പാര്‍ട്ടി ക്ഷമയോടെയും ജാഗ്രതയോടെയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിട്ടുപോയവരില്‍ വലിയൊരു വിഭാഗം പാര്‍ട്ടിയോടൊപ്പം തിരിച്ചുവന്നു. ഇത്തരമൊരു ഘട്ടത്തില്‍ ചന്ദ്രശേഖരനെ ആക്രമിച്ച് ഇല്ലായ്മ ചെയ്യേണ്ട എന്ത് കാര്യമാണുണ്ടായിരുന്നത്? വധം ഈ ഘട്ടത്തില്‍ ആര്‍ക്കാണ് ഗുണം ചെയ്തത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍നിന്ന് വ്യക്തമാവും, ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢതാല്‍പ്പര്യം.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, പാര്‍ട്ടി ശത്രുക്കള്‍ പുതിയതരം അടവുകളാണ് സ്വീകരിച്ചുവരുന്നത്. പാര്‍ട്ടിയെ ഒന്നാകെ എതിര്‍ക്കുന്നതിനു പകരം പാര്‍ട്ടിയില്‍ ഒരു കൂട്ടര്‍ നന്മയുടെ പ്രതീകങ്ങളും, മറ്റൊരു കൂട്ടര്‍ തിന്മകളുടെ വക്താക്കളുമെന്ന നിലയില്‍ പ്രചരിപ്പിക്കലാണ് ആ അടവ്. ഷൊര്‍ണ്ണൂരിലെ പാര്‍ട്ടി വിരുദ്ധര്‍ ആരംഭിച്ച ഈ പ്രചാരണ തന്ത്രമാണ് ഒഞ്ചിയത്തും പാര്‍ട്ടി പിളര്‍പ്പന്മാര്‍ പ്രയോഗിച്ചിരുന്നത്. ഇത് ബൂര്‍ഷ്വാ മാധ്യമങ്ങളും ഏറ്റെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കലായിരുന്നു അവരുടെ ലക്ഷ്യം. ചന്ദ്രശേഖരന്റെ വധത്തിനുശേഷവും ആ പ്രചാരണം തുടരുകയാണ്. പാര്‍ട്ടിയിലെ ചിലര്‍ക്ക് ചന്ദ്രശേഖരന്റെ വീട്ടില്‍ വരാം, മറ്റു ചിലര്‍ക്ക് വരാന്‍ പാടില്ല എന്നാണവര്‍ പരസ്യമായി പറഞ്ഞത്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാനും പാര്‍ട്ടി നേതൃത്വത്തെ ജനമധ്യത്തില്‍ താറടിച്ചുകാണിക്കാനും ഉദ്ദേശിച്ചുള്ള ഇത്തരം കുപ്രചാരണങ്ങളെ പ്രബുദ്ധരായ കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസ്സും യു.ഡി.എഫും ചില പിന്തിരിപ്പന്‍ മാധ്യമങ്ങളും ചേര്‍ന്ന് സി.പി.ഐ.എമ്മിനെ കരിവാരിത്തേക്കാന്‍, യാതൊരു തെളിവും കൂടാതെ നടത്തിവരുന്ന അപവാദ പ്രചാരണത്തില്‍ ഒരുകൂട്ടം എഴുത്തുകാര്‍ പങ്കുചേര്‍ന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. കാരണമുണ്ടെങ്കില്‍ പാര്‍ട്ടിയെ ആരും വിമര്‍ശിക്കുന്നതിലും വിഷമമില്ല. എന്നാല്‍, ഊഹം വച്ച് ഇത്തരത്തില്‍ അധിക്ഷേപം ചൊരിയുന്നത് ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നാകുമ്പോള്‍ ഒട്ടും ന്യായീകരിക്കാവുന്നതല്ല. സി.പി.ഐ.എം അക്രമമെന്ന പുകമറ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്സിന്റെ തൊലിക്കട്ടി അപാരമാണ്. ചീമേനിയില്‍ അഞ്ചു സഖാക്കളെ ഒരു കാരണവും കൂടാതെ ചുട്ടുകൊന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. ധീരനായ സ്വാതന്ത്ര്യസമരസേനാനി മൊയാരത്ത് ശങ്കരന്‍, അഴീക്കാടന്‍ രാഘവന്‍ എന്നിവരുടെ വധത്തിനു പിന്നില്‍ കോണ്‍ഗ്രസായിരുന്നു. ഏറനാട്ടെ കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയെ വെടിവച്ചുകൊന്നതുള്‍പ്പെടെ എണ്ണമറ്റ കൊലപാതകങ്ങളുടെ രക്തക്കറ പുരണ്ട കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷന്‍ ഒഞ്ചിയത്തിന്റെ പേരില്‍ ശാന്തിയാത്ര നടത്തുന്നത് വിരോധാഭാസമാണ്. ചരിത്രത്തില്‍ ഒഞ്ചിയം ഓര്‍മ്മിക്കപ്പെടുന്നത് എട്ടു സഖാക്കളെ വെടിവച്ചും രണ്ട് സഖാക്കളെ ലോക്കപ്പിലിട്ടും ദാരുണമായി കൊലപ്പെടുത്തിയ കോണ്‍ഗ്രസ്സിന്റെ കിരാത ഭരണത്തിന്റെ പേരിലാണ് എന്നതും പ്രസക്തമാണ്.

പാര്‍ട്ടിയുടെ കഴിഞ്ഞ സംസ്ഥാന സമ്മേളനം എല്ലാ നടപടികളും ഏകകണ്ഠമായിട്ടാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ശക്തിപ്പെട്ടുവന്ന ഐക്യമാണ് ഇത് പ്രകടമാക്കിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. 20ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് രാഷ്ട്രീയ രേഖയും, പ്രത്യയശാസ്ത്രരേഖയും ഏകകണ്ഠമായി അംഗീകരിച്ചു. സി.പി.ഐ.എം  രാഷ്ട്രീയ അടവുനയത്തിലും, പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളിലും ഏകീകരിച്ച ധാരണയില്‍ എത്തിയത് പാര്‍ട്ടിയിലാകെ ആവേശമുണര്‍ത്തി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും, പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനു ബന്ധിച്ച് കോഴിക്കോട്ടും അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇതില്‍ എതിരാ ളികള്‍ വിറളിപൂണ്ടത് യാദൃച്ഛികമല്ല. അവര്‍ പാര്‍ട്ടിക്കെതിരെ പുതിയ ആയുധങ്ങള്‍ തേടുകയായിരുന്നു. പാര്‍ട്ടിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഒരു സംഘം ആളുകള്‍ കഴിഞ്ഞ നാലു വര്‍ഷമായി ഒഞ്ചിയം മേഖലയില്‍ നടത്തികൊണ്ടിരുന്നത്.

ധീരരായ ഒഞ്ചിയം രക്തസാക്ഷികളുടെ പാരമ്പര്യമുള്ള ഒഞ്ചിയത്തെ പാര്‍ട്ടിക്ക്, വെല്ലുവിളികളെ അതിജീവിക്കാനും കരുത്തോടെ മുന്നോട്ട് പോകാനും കഴിഞ്ഞു. പിളര്‍പ്പന്മാര്‍ നടത്തിവന്നത് ആശയസമരമാണെന്ന ദുഷ്പ്രചാരണമാണ് നാളിതുവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാരും അവരുടെ പ്രചാരണ മാധ്യമങ്ങളും നടത്തിവന്നത്. അതാണിപ്പോഴും തുടരുന്നത്. വര്‍ഗശത്രുക്കളുടെ കള്ള പ്രചാരണവേലകളില്‍ താല്‍ക്കാലികമായി കുടുങ്ങിയവര്‍, തെറ്റ് മനസ്സിലാക്കി തിരുത്താന്‍ സന്നദ്ധമാവുന്നതില്‍ സംശയമില്ല. പാര്‍ട്ടിയെ സംരക്ഷിക്കാനും ശത്രുക്കളുടെ കടന്നാക്രമണങ്ങളെ ചെറുക്കാനും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.

Advertisement