വടകര: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം റോഡില്‍ സെമിനാര്‍ നടക്കുന്നതിനിടെ സി.പി.ഐ.എം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംഘര്‍ഷം. നിരവധി വാഹനങ്ങളുടെ അടമ്പടിയോടെ കടന്നുവന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പതാകജാഥ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗം കഴിഞ്ഞ് അദ്ദേഹം മടങ്ങിയശേഷമാണ് സംഘര്‍ഷമുണ്ടായത്. നാദാപുരം റോഡിലെ  പഴയറോഡിലാണ് സി.പി.ഐ.എം സെമിനാര്‍. പഴയറോഡിനടുത്തുള്ള ദേശീയപാതയിലൂടെ  പതാകജാഥയുടെ പകുതിഭാഗം കടന്നുപോയതോടെ ജാഥ തടസ്സപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മോട്ടോര്‍ സൈക്കിലുള്ള റവല്യൂഷണറി പ്രവര്‍ത്തകരെ സി.പി.ഐ.എം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു.

സെമിനാര്‍ നടക്കുന്ന സ്ഥലത്തുകൂടി അനാവശ്യമായി റവല്യൂഷണറിക്കാര്‍ വാഹനത്തിന്റെ ഹോണ്‍ മുഴക്കി പോയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സി.പി.ഐ.എം ഭാരവാഹികള്‍ പറഞ്ഞു. നാദാപുരം റോഡിലെ സംഘര്‍ഷത്തിന് തുടര്‍ച്ചയെന്നോണം ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് പഞ്ചായത്തുകളിലും അനിഷ്ടസംഭവങ്ങളുണ്ടായി. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെയും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഒഞ്ചിയം ഏരിയ സമ്മേളനത്തിന്റെയും പ്രചാരണ ബോര്‍ഡുകള്‍ പലയിടങ്ങളിലും നശിപ്പിച്ചിരിക്കുകയാണ്. പുന്നേരിത്താഴ്, മലോല്‍മുക്ക്, ഏരഞ്ഞോളി എന്നിവിടങ്ങളിലെ റവല്യൂഷണറി പാര്‍ട്ടി ഓഫീസ് സി.പി.ഐ.എം തകര്‍ത്തതായി റവല്യൂഷണറി പാര്‍ട്ടി ഭാരവാഹികള്‍ ആരോപിക്കുന്നു. സി.പി.ഐ.എം കുന്നുമ്മക്കര, മലോല്‍മുക്ക്, എന്നിവിടങ്ങളിലെ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

നാദാപുരം റോഡിലും മടപ്പള്ളിയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റ നിരവധി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ വടകരയിലും കോഴിക്കോട്ടും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വള്ളിക്കാട് സ്വദേശി രാജന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാലത്ത് ആറ് മുതല്‍ ഉച്ചക്ക് രണ്ട് വരെ ഒഞ്ചിയം, അഴിയൂര്‍, ചോറോട്, ഏറാമല പഞ്ചായത്തുകളില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയ കമ്മിറ്റി ഹര്‍ത്താലാചരിക്കുകയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ സി.പി.ഐ.എമ്മും ഹര്‍ത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്.

സി.പി.ഐ.എമ്മിന്റെ നാദാപുരം റോഡിലെ സെമിനാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ യു.എല്‍.സി.സി തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നതായി റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നു. യു.എല്‍.സി.സി സ്ഥാപകന്‍ വാക്ഭടാനന്ദന്റെ പേരിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പറഞ്ഞാണ് റവല്യൂഷണറി പാര്‍ട്ടിയുടേതുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.

തൊഴിലാളികളും കുടുംബാംഗങ്ങളും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്നും അല്ലാത്തവരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കുലറും തൊഴിലാളികള്‍ക്ക് നല്‍കി. ഈ സര്‍ക്കുലര്‍ നല്‍കിയ വിവരം പുറത്തായതോടെ ഊരാളുങ്കല്‍ സൊസൈറ്റി നടത്തുന്ന ഇവന്റ്മാനേജ്‌മെന്റാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതില്‍ പ്രകോപിതരായാണ് റവല്യൂഷണറി പ്രവര്‍ത്തകരെ സി.പി.ഐ.എം ആക്രമിച്ചതെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭാരവാഹികളിലൊരാളായ സുരേഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Malayalam News

Kerala News In English