തിരുവനന്തപുരം: വിവാദപ്രസംഗത്തിന്റെ പേരില്‍ എം.എം. മണിയെ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മണിയെ നീക്കാന്‍ തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം ചോദിക്കുമെന്നും സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പി.ബിയുടെ നിര്‍ദ്ദേശപ്രകാരമാണ് മണിക്കെതിരെ നടപടിയെടുത്തതെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മണിയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി ചില മാധ്യമങ്ങളും ശത്രുക്കളും ഉപയോഗപ്പെടുത്തിയെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായി ജില്ലാ കമ്മിറ്റി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. ജില്ലാകമ്മിറ്റിയോഗത്തിന്റെ തിയതി പിന്നീട് തീരുമാനിക്കും.

പ്രസംഗത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറില്ലെന്ന് ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം എം.എം.മണി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ പ്രസംഗത്തെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദമാക്കിയതാണെന്നും മണി പറഞ്ഞിരുന്നു. എന്നാല്‍ മണിക്കെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രനേതൃത്വം നേരത്തെ പറഞ്ഞിരുന്നു. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വിവാദമായ പ്രസംഗത്തിന്റെ പേരില്‍ നടപടിയെടുക്കണമെന്ന് കേന്ദ്രനേതൃത്വത്തില്‍ മറ്റ് ഇടതുപാര്‍ട്ടികളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ഏറ്റവും കൂടുതല്‍ കാലം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി 1966ലാണ് സി.പി.ഐ.എമ്മില്‍ അംഗമായത്. 1985-ലാണ് ഇടുക്കി ജില്ലാ സെക്രട്ടറിയായത്.