ന്യൂദല്‍ഹി: സി പി ഐ എം വിമതരുടെ ദേശീയ കൂട്ടായ്മ നിലവില്‍ വന്നു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ നാലു സംഘടനകള്‍ ചേര്‍ന്നാണ് അഖിലേന്ത്യാ ഇടതുപക്ഷ ഏകോപന സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ ഏകോപന സമിതി, സി പി ഐ (എം എല്‍) ലിബറേഷന്‍, സി പി ഐ എം പഞ്ചാബ്, ലാല്‍ നിഷാന്‍ പാര്‍ട്ടി ലെനിനിസ്റ്റ് മഹാരാഷ്ട്ര എന്നീ സംഘടനകള്‍ ചേര്‍ന്നാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.

ദേശീയതലത്തില്‍ സമരമുന്നണിയായാണ് സമിതി പ്രവര്‍ത്തിക്കുക. പൊതുരാഷ്ട്രീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ദേശീയതലത്തില്‍ പ്രക്ഷോഭം നടത്താനാണ് തീരുമാനം. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ തെറ്റായ ജനാധിപത്യ നയങ്ങളില്‍ നിന്നു ഭിന്നമായി യഥാര്‍ഥ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് യോഗത്തില്‍ പങ്കെടുത്ത എം ആര്‍ മുരളി പറഞ്ഞു. അഡ്വ. കുമാരന്‍കുട്ടി, എ ആര്‍ ഉണ്ണിത്താന്‍, കെ എസ് ഹരിഹരന്‍ തുടങ്ങി 22 പ്രതിനിധികളാണ് കേരളത്തില്‍ നിന്നു പങ്കെടുത്തത്.