എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം സംഘനൃത്തത്തില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ തടഞ്ഞു
എഡിറ്റര്‍
Thursday 21st November 2013 9:45am

t.p

വടകര: ടി.പി ചന്ദ്രശേഖരന്‍ വധം പ്രമേയമായ സംഘനൃത്തത്തെ ചൊല്ലി സ്‌കൂള്‍ കലോത്സവ വേദിയില്‍ സംഘര്‍ഷം.

നൃത്തം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ടി.പിയെ കൊലപ്പെടുത്തിയതും തുടര്‍ന്ന് അപകടമരണമാണെന്ന പ്രചാരണവും നൃത്തത്തില്‍ തുറന്നുകാട്ടിയിരുന്നു.

വടകര ഉപജില്ലാ കലോത്സവത്തില്‍ ചോറോട് കെ.എ.എം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ടി.പി വധം പ്രമേയമായ സംഘനൃത്തം വേദിയില്‍ അവതരിപ്പിച്ചത്.

ഒഞ്ചിയത്തിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള നൃത്തത്തിന് യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. കൊലപാതകവും അതിന് പിന്നിലെ ആസൂത്രണവും കുട്ടികള്‍ ഗംഭീരമായി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ നൃത്തത്തിന് ശേഷം പ്രതിഷേധം നടത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ടി.പിയുടെ ഫോട്ടോ കൂടി വെച്ചുകൂടായിരുന്നോ എന്ന് ചോദിച്ചു.നൃത്ത പരിശീലകനോടും കെ.എ.എം യു.പി സ്‌കൂള്‍ അധ്യാപകരോടും ഇവര്‍ തട്ടിക്കയറി.

കുട്ടികളുടെ നൃത്തം കഴിഞ്ഞ ഉടനെ പ്രതിഷേധവുമായി സി.പി.ഐ.എം അനുകൂല അധ്യാപക സംഘടനാ നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്.

തുടര്‍ന്ന് നൃത്തം അവതരിപ്പിച്ച കുട്ടികളേയും സ്‌കൂളിലെ അധ്യാപകരേയും കൂടുതല്‍ പേരെത്തി വളഞ്ഞു. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

നൃത്തത്തിന് മൂന്നാം സ്ഥാനം നല്‍കിയ വിധികര്‍ത്താക്കളേയും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. രാഷ്ട്രീയ താത്പര്യത്തിന് വിധികര്‍ത്താക്കളും കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം.

Advertisement