തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ തളിപ്പറമ്പ് എം.എല്‍.എയും കേരള കര്‍ഷകസംഘം വൈസ് പ്രസിഡന്റുമായ സി.കെ.പി പത്മനാഭനെ പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം ഒഴിവാക്കാനും, കര്‍ഷകസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.കെ. ഭാസ്‌കരനെ താക്കീത് ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചു. സി.കെ.പി. പത്മനാഭന്‍ കര്‍ഷകസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ നടന്ന പണാപഹരണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നടപടിയെടുത്തത്. തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സി.പി.ഐ.എമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിലേക്ക് ഇടയാക്കിയ നടപടിയെടുക്കാന്‍ ഇടയാക്കിയവരില്‍ പ്രമുഖനാണ് സി.കെ.പി. എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ഒളിക്യാമറ വിവാദവും സ്വഭാവദൂഷ്യ പരാതിയും സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാതെയാണ് സി.കെ.പിക്കെതിരെ നടപടിയെടുത്തത്.

വി.എസ്. അച്യുതാനന്ദനുമായി അടുത്തബന്ധം പുലര്‍ത്തുന്ന സി.കെ.പിക്കെതിരെ ഗോപി കോട്ടമുറിക്കലിനെതിരെയുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ചര്‍ച്ച മാറ്റിവെച്ചാണ് സി.കെ.പിയെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സി.കെ.പിക്ക് സീറ്റ് നിഷേധിച്ചത് ശശി വിവാദവും വി.എസുമായുള്ള ബന്ധവുമായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ പരാതിയുയര്‍ന്നിരുന്നു. കണക്കുകളില്‍ തിരിമറി നടത്തിയെന്നാരോപിച്ച് നേരത്തെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും നിഷേധിച്ചിരുന്നു.

കര്‍ഷക സംഘത്തിന്റെ ഓഫിസ് സെക്രട്ടറിയാണ് 24 ലക്ഷം രൂപ വെട്ടിച്ചതെങ്കിലും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ സി.കെ.പി. പത്മനാഭന് കഴിയില്ലെന്ന നിലപാടാണ് അന്വേഷണ കമീഷനും സംസ്ഥാനസമിതിയും കൈക്കൊണ്ടത്. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നടപടിക്ക് ശിപാര്‍ശചെയ്തിരുന്നു.

ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് അജിത്തിനെയും കഴിഞ്ഞദിവസം ചേര്‍ന്ന ഡി.വൈ.എഫ്.ഐ പ്രത്യേക കണ്‍വെന്‍ഷനില്‍ സ്ഥാനകമ്മിറ്റിയില്‍നിന്നും മറ്റ് സ്ഥാനങ്ങളില്‍ നിന്നും നിന്ന് നീക്കിയിരുന്നു. ശശിക്കെതിരെ പാര്‍ട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയ വ്ക്തിയാണ് അജിത്ത്.