ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ന്യൂദല്‍ഹിയില്‍ തുടങ്ങി. ദല്‍ഹിയിലെ എ.കെ.ജി സെന്ററിലാണ് യോഗം നടക്കുന്നത്. കേരളത്തിലെ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യില്ല.

ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ക്കാവും പി.ബി കൂടുതല്‍ ഊന്നല്‍ നല്‍കുക. കല്‍ക്കരി കുംഭകോണ വിഷയത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്കും പ്രചരണങ്ങള്‍ക്കും യോഗത്തില്‍ തീരുമാനമുണ്ടാകും. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുര, രാജസ്ഥാന്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Ads By Google

ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരള രാഷ്ട്രീയത്തിലുണ്ടായ പ്രതിസന്ധിയും ഗോപി കോട്ടമുറിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള നടപടിയും ചര്‍ച്ച ചെയ്യാനായി പ്രത്യേക കേന്ദ്രകമ്മിറ്റി ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പി.ബിയില്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യില്ലെന്ന് രാവിലെ യോഗത്തിന് മുമ്പ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശം സംസ്ഥാന നേതൃത്വം പി.ബിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ വിശദമായ ചര്‍ച്ചയുണ്ടാവില്ല.