Administrator
Administrator
കേരളത്തിന്റെ ഭീതി അകറ്റണം, തമിഴ് നാടിന് വെള്ളം നല്‍കണം: പോളിറ്റ് ബ്യൂറോ
Administrator
Thursday 1st December 2011 4:58pm

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെയും കേരളത്തെയും പിണക്കാതെ സി.പി.ഐ.എം തങ്ങളുടെ നിലാപാട് പ്രഖ്യാപിച്ചു. ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള കേരളത്തിന്റെ ഭീതി അകറ്റണമെന്നും തമിഴ്‌നാട്ടിലെ കൃഷിക്ക് അത്യാവശ്യമായ ജലം ഉറപ്പാക്കണമെന്നും പോളിറ്റ് ബ്യൂറോക്ക് ശേഷം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളം ഉടന്‍ നിര്‍മിക്കണമെന്നാവശ്യപ്പെടുന്ന പുതിയ അണക്കെട്ടിനെപ്പറ്റി യൊതൊരു പരാമര്‍ശവും നടത്താതെയാണ് യോഗത്തിനു ശേഷം സി.പി.ഐ.എം പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയം രമ്യമായി പരിഹരിക്കണം. ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയന്നത്.

ഡാം തകര്‍ന്നാല്‍ കേരളത്തിലെ നാലു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകും. ഇടുക്കിയുള്‍പ്പടെ കേരളത്തിലെ നാലു ജില്ലകളിലെ ജനങ്ങളുടെ സുരക്ഷക്ക് നടപടിയെടുക്കണം. അടിക്കടിയുണ്ടാകുന്ന ഭൂചലനം സൃഷ്ടിച്ച ആശങ്ക പരിഗണിക്കണം. സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള ഉന്നതാധികാര സമിതിയുടെ നിര്‍ദേശവും കണക്കിലെടുക്കണം-പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേരളവും തമിഴ്‌നാടും രമ്യമായി കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും തമിഴ്‌നാടിനുള്ള ജലവിതരണം ഭാവിയിലും ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Malayalam News
Kerala News in English

Advertisement