വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് വടകര കോടതി പരിസരത്ത് സംഘര്‍ഷം. മോഹനനെ കോടതിയില്‍ ഹാജരാക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ സി.പി.ഐ.എം പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

കോടതിക്ക് സമീപത്തുള്ള ഒരു കെട്ടിടത്തില്‍ മൂന്നോ നാലോ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇവര്‍ക്കുനേരെ കല്ലെറിഞ്ഞപ്പോള്‍ പോലീസ് അത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കല്ലേറ് പോലീസിനുനേരെയായി. പ്രവര്‍ത്തകരെ തടയാനായി പോലീസ് ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിനും നേരെ കല്ലേറും ചെരുപ്പേറും ശക്തമാക്കി. ചിലര്‍ കോടതിക്കുനേരെയും കല്ലെറിഞ്ഞു.

തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് ശക്തമാക്കുകയും പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് വടകര കോടതിക്ക് സമീപത്ത് കൂടിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ചിലത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിനിടയില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ കോടതിയിലേക്ക് തള്ളിക്കയറി.

രാവിലെ മോഹനന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നയുടന്‍ വടകരയില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മോഹനനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി കോടതി പരിസരത്ത് ചെറിയ തോതില്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാല്‍ വലിയ സംഘര്‍ഷത്തെ നേരിടേണ്ട പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അക്രമാസക്തരായപ്പോള്‍ ഒരുഘട്ടത്തില്‍ പോലീസ് തിരിഞ്ഞോടുന്ന അവസ്ഥവരെയുണ്ടായി. എന്നാല്‍ പിന്നീട് കൂടുതല്‍ പോലീസ് സന്നാഹത്തെ സ്ഥലത്തെത്തിച്ചു.

അതിനിടെ, പി. മോഹനനെ വടകര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മൂന്നുമണിയോടെ വൈദ്യപരിശോധനയ്ക്കായി മോഹനനെ വടകര ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആശുപത്രിയ്ക്കു സമീപം സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം മോഹനനെ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.