എഡിറ്റര്‍
എഡിറ്റര്‍
പുതിയ കാലത്തിനനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കണം: സി.പി.ഐ.എം സംഘടനാരേഖ
എഡിറ്റര്‍
Tuesday 19th November 2013 10:52pm

cpim-flag

തിരുവനന്തപുരം: പുതിയ കാലത്തിനനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കണമെന്ന് സി.പി.ഐ.എം സംഘടനാരേഖ.

പാര്‍ട്ടി കേഡറുകള്‍ക്ക് രാഷ്ട്രീയ വിദ്യഭ്യാസം നിര്‍ബന്ധമാക്കണമെന്നും രാഷ്ട്രീയപരമായും സംഘടനാപരമായും പാര്‍ട്ടിയെ സുസജ്ജമാക്കണമെന്നും സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട രേഖ നിര്‍ദ്ദേശിക്കുന്നു.

പാര്‍ട്ടിയില്‍ ശുദ്ധീകരണം ലക്ഷ്യമിടുന്ന രേഖ സംഘടനാ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകരെ സംഘടനാ തലപ്പത്തേക്ക് കൊണ്ട് വരണമെന്നും കര്‍ശനമായ നിരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ പാര്‍ട്ടി അംഗത്വം നല്‍കാവൂ എന്നും രേഖയില്‍ നിര്‍ദ്ദശമുണ്ട്.

സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷമേ അംഗത്വം പുതുക്കി നല്‍കാവൂ. തെറ്റ് തിരുത്തല്‍ തുടര്‍ പ്രക്രിയയാവണം. ജീര്‍ണതകളില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ മുക്തമാകണം.

നേതൃത്വങ്ങളിലേക്ക് കടന്നു വരുന്നവര്‍ തെറ്റായ പ്രവണതകള്‍ ഇല്ലാത്തവരായിരിക്കണെന്നും ഇക്കാര്യങ്ങള്‍ മേല്‍ഘടകങ്ങള്‍ ഉറപ്പ് വരുത്തണമെന്നും രേഖയില്‍ പറയുന്നു.

കര്‍ഷക തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന നിര്‍ദ്ദേശവും രേഖയിലുണ്ട്.  രാഷട്രീയ പ്രവര്‍ത്തനം തെഴിലാക്കിമാറ്റരുതെന്നും എല്ലാ തലങ്ങളിലും പാര്‍ട്ടി നേതാക്കളും അംഗങ്ങളും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു.

സോഷ്യല്‍ മീഡിയ ഇടപെടല്‍ ശക്തമാക്കണമെന്നും രേഖ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന പ്ലീനത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്ന രേഖയുടെ കരട് സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചത്.

രേഖ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍ സംസാരിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ മറ്റു വിഷയങ്ങളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല.

നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് വച്ചാണ് സി.പി.ഐ.എം പാര്‍ട്ടി പ്ലീനം നടക്കുന്നത്. 250 ഓളം പ്രതിനിധികള്‍ പ്ലീനത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരുമാണ് പ്ലീനത്തില്‍ പങ്കെടുക്കുക.

സംഘടനാ തലത്തിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും സംഘടനാ പ്രവര്‍ത്തനങ്ങളിലും നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലും നിലനില്‍ക്കുന്ന പോരായ്മാകള്‍ പരിഹരിക്കാനുമാണ് അപൂര്‍വ്വമായി മാത്രം സംഘടിപ്പിക്കാറുള്ള പ്ലീനം വിളിക്കുന്നത്.

Advertisement