എഡിറ്റര്‍
എഡിറ്റര്‍
പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ ഹൈക്കോടതിയില്‍ സി.പി.ഐ.എമ്മിന്റെ ഹരജി
എഡിറ്റര്‍
Monday 28th May 2012 10:55am

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കുമെതിരെ സി.പി.ഐ.എം ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഇന്നലെ ചേര്‍ന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാകമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണനാണ് ഹരജി നല്‍കുക.

അറസ്റ്റിലായവരുടെ മൊഴികള്‍ ചോര്‍ത്തി നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വരുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ വരെ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. ഇത് ജനമധ്യത്തില്‍ സി.പി.ഐ.എമ്മിനെ താറടിച്ചു കാണിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കുക.

മാധ്യമങ്ങളില്‍ ഇത് പോലുള്ള വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സി.പി.ഐ.എം അണികള്‍ക്കെതിരെ ആക്രമണം നടക്കുകയും അവരുടെ വീട് തകര്‍ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ എളമരം കരീം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മൊഴികള്‍ കോടതിയിലേ സമര്‍പ്പിക്കാവൂ എന്ന 2010 ഡിസംബര്‍ 22 ലെ വിധി ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കുക. പി.വി കുഞ്ഞികൃഷ്ണനാണ് സി.പി.ഐ.എമ്മിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക.

Advertisement