Administrator
Administrator
വിക്കിലീസ്‌കസ് പരാമര്‍ശം: യെച്ചൂരിക്കും ബുദ്ധദേവിനും പി.ബി വിമര്‍ശനം
Administrator
Saturday 1st October 2011 6:21pm

yechuri-budhadebന്യൂദല്‍ഹി:പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിക്കും സി.പി.ഐ.എം പോളിറ്റ് ബ്യൂറോയുടെ രൂക്ഷ വിമര്‍ശനം. അടുത്തിടെ പുറത്തുവന്ന വിക്കി ലീക്‌സ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തത്വങ്ങള്‍ മറികടന്നു പ്രവര്‍ത്തിച്ചു എന്നതിനാണ് വിമര്‍ശനം.

യു.എസ് പ്രതിനിധികളുമായി പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ചതിനെതിരെ വിവിധ സംസ്ഥാന കമ്മിറ്റികളില്‍ നിന്നും പി.ബിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുക്കാന്‍ വെള്ളിയാഴ്ച നടന്ന പി.ബി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

അമേരിക്കന്‍ ഏജന്റുകളുമായുള്ള സംസാരത്തിനിടെ പി.ബി അംഗങ്ങള്‍ തന്നെ പാര്‍ട്ടിവിരുദ്ധ നിലപാടെടുത്തതിനാല്‍ തങ്ങള്‍ക്ക് മുഖം നഷ്ടപ്പെട്ടു എന്നാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പരാതി. ഇവര്‍ക്കെതിരെ നടപടിയെടുക്കണോ മുന്നറിയിപ്പ് നല്‍കി വിടണോ എന്ന കാര്യം അടുത്തമാസം നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിക്കും.

2007മെയ് 17 യു.എസ് എംബസിയിലെ പോളിറ്റിക്കല്‍ കൗണ്‍സല്‍ടന്റ് ഒസിയസുമായി നടത്തിയ സംഭാഷണത്തിനിടെ നടത്തിയ ചില പരാമര്‍ശങ്ങളാണ് യച്ചൂരിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അമേരിക്കാ വിരുദ്ധ മനോഭാവം ഇന്ത്യയ്ക്ക് നല്ലതല്ലെന്നും ഇത് ശരിയായ തീരുമാനമെടുക്കുന്നതിന് പകരം എന്തിനെയും എതിര്‍ക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുമെന്നായിരുന്നു യച്ചൂരി പറഞ്ഞത് . ഇറാന്‍ പൈപ്പ് ലൈന്‍ സംബന്ധിച്ച് കാര്യങ്ങള്‍ പറയുമ്പോഴായിരുന്നു യച്ചൂരിയുടെ പരാമര്‍ശം. ഇറാനുമായുള്ള സഹകരണം ഇന്ത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യു.എസ് കോണ്‍ഗ്രസ് അംഗം കത്തയച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചതിന്റെ പിറ്റേദിവസമായിരുന്നു യച്ചൂരിയുടേയും ഒസിയയുടേയും കൂടിക്കാഴ്ച.

അമേരിക്കയുമായുള്ള ഇന്ത്യയുടെ പുതിയ ബന്ധം സംബന്ധിച്ച് പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുമുണ്ടെന്നും പഴയ പാര്‍ട്ടി അംഗങ്ങള്‍ എന്തിനും അമേരിക്കയുടെ മേല്‍ കുറ്റം ചാരുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തിയതായി വിക്കിലീക്‌സ് പറയുന്നു. തത്വചിന്തകളിലൂന്നിയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന് എതിരായി പ്രവര്‍ത്തിക്കുന്ന മോഡറേറ്റ് വിങ്ങിന്റെ നേതാവാണ് യച്ചൂരിയെന്നു പറഞ്ഞാണ് കേബിള്‍ അവസാനിക്കുന്നത്.

സി.പി.ഐ.എം മാറാനോ അല്ലെങ്കില്‍ നശിക്കാനോ തയ്യാറാകണമെന്ന ബുദ്ധദേവിന്റെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. യു.എസ് അംബാസിഡര്‍ തിമോത്തി റോമറുമായുള്ള സംഭാഷണത്തിനിടെയാണ് ബുദ്ധദേവ് ഈ വിമര്‍ശനം മുന്നോട്ടുവച്ചത്. കമ്മ്യൂണിസ്റ്റ് ആശയങ്ങല്‍ ഒന്നുകില്‍ മാറണം അല്ലെങ്കില്‍ നശിക്കണം എന്നാണ് ബുദ്ധദേവ് വാദിച്ചത്. കാലാവധി കഴിഞ്ഞ രാഷ്ട്രീയക്കാരും തത്വശാസ്ത്രവുമാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്താനത്തെ മൂടിയിരിക്കുന്നതെന്നും ബുദ്ധദേബ് കുറ്റപ്പെടുത്തിയിരുന്നു.

Advertisement