പത്തനംതിട്ട: സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സി.പി.ഐയ്ക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷവിമര്‍ശനം. സി.പി.ഐ മുന്നണിയില്‍ വേണമോയെന്ന് നേതൃത്വം ആലോചിക്കണമെന്നും ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

കാനം മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് നടക്കുകയാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

‘മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ തകര്‍ക്കുന്ന നിലയിലാണ് സി.പി.ഐയുടെ പ്രവര്‍ത്തനം. സി.പി.ഐയാണ് ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം.’

നേരത്തെ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിവാദത്തില്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ സി.പി.ഐ.എം നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

അതേസമയം പത്തനംതിട്ടയില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായി അവസാനിപ്പിക്കാനായിട്ടില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.