എഡിറ്റര്‍
എഡിറ്റര്‍
ചെങ്കൊടി ഉയര്‍ന്നു; പാര്‍ട്ടി കോണ്‍ഗ്രസിന് ആവേശോജ്ജ്വല തുടക്കം
എഡിറ്റര്‍
Tuesday 3rd April 2012 8:49pm

ചിത്രങ്ങള്‍: രാംകുമാര്‍

കോഴിക്കോട്: സി.പി.ഐ.എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. കോഴിക്കോട് ടൗണ്‍ കടപ്പുറത്ത് എം.കെ പാന്ഥെ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പ്രതിനിധി സമ്മേളനഗരിയായ ടാഗോര്‍ഹാളിലെ സുര്‍ജിത്‌ജ്യോതിബസു നഗറില്‍ ദീപശിഖ തെളിച്ചു.

സമ്രാജ്യത്വ ശക്തികള്‍ക്കും അധിനിവേശ ശക്തികള്‍ക്കും നമ്മുടെ രാജ്യത്തെ അടിയറ വെക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനെ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുന്നത് സി.പി.ഐ.എം ആണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കടപ്പുറത്ത് സമ്മേളനത്തിന് പതാക ഉയര്‍ത്തിക്കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ശക്തികളെ താലോലിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷത്തെ സംരക്ഷിക്കാനും സി.പി.ഐ.എം പ്രതിജ്ഞാബദ്ധമാണ്.


കോണ്‍ഗ്രസിന്റെ ജനവിരുദ്ധതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സി.പി.ഐ.എം ഒരിക്കലും ദുര്‍ബലപ്പെട്ടുകൂടാ. ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളും ന്യൂനപക്ഷവും അധ്വാനിക്കുന്നവരും സാമ്രാജ്യത്വ വിരുദ്ധരും എല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ്. നാളെ തുടങ്ങുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ശരിയായ നിലപാട് ചര്‍ച്ച ചെയ്ത് അംഗീകരിക്കുമെന്നും പിണറായി പറഞ്ഞു.

ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്റെ നേതൃത്വത്തില്‍ എത്തിച്ച ദീപശിഖ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍ ഏറ്റുവാങ്ങി. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ നിന്നും കൊണ്ടുവന്ന പതാക, ജാഥാലീഡര്‍ എ. വിജയരാഘവനില്‍ നിന്നും കേന്ദ്ര കമ്മറ്റിയംഗം പാലൊളി മുഹമ്മദ്കുട്ടി ഏറ്റുവാങ്ങി. കയ്യൂരിന്റെ പോര്‍വീര്യമേറ്റുവാങ്ങി പ്രയാണമാരംഭിച്ച കൊടിമരജാഥ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനം നടക്കുന്ന എം.കെ പാന്ഥെ നഗറിലെത്തിച്ചു. കേന്ദ്രകമ്മറ്റിയംഗം പി കരുണാകരന്റെ നേതൃത്വത്തിലെത്തിയ കൊടിമരം പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി.

നാളെ രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം ടാഗോര്‍ ഹാളില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. നിരീക്ഷകരടക്കം 805 പ്രതിനിധികള്‍ പങ്കെടുക്കും. 14-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ആദ്യമായി പ്രത്യയശാസ്ത്ര പ്രമേയം ഇത്തവണ അവതരിപ്പിക്കും.

ഒപ്പം ദേശീയ രാജ്യാന്തര സ്ഥിതിഗതികള്‍ വിലയിരുത്തുന്ന രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്, പുതിയ സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ട സമരങ്ങളും നടത്തേണ്ട ഇടപെടലുകളും ഉള്‍പ്പെടുന്ന പ്രമേയം തുടങ്ങിയവ ചര്‍ച്ച ചെയ്യും. സമാപന ദിവസമായ ഒന്‍പതിന് കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും കോഴിക്കോട് കടപ്പുറത്ത് സമാപന സമ്മേളനവും നടക്കും.

Malayalam News

Kerala News in English

Advertisement