എഡിറ്റര്‍
എഡിറ്റര്‍
വി.എസ് ക്യാമ്പുകള്‍ വീണ്ടും ഉണരുന്നു; ചലനങ്ങള്‍ നിരീക്ഷിക്കാന്‍ പാര്‍ട്ടി നിര്‍ദേശം
എഡിറ്റര്‍
Tuesday 22nd May 2012 9:36am

കോഴിക്കോട്: റവല്യൂഷണണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിനെതിരെ വി.എസ് അച്ച്യുതാനന്ദന്‍ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകവെ സംസ്ഥാനത്തുടനീളം വി.എസ് ക്യാമ്പുകള്‍ ഉണരുന്നു.

പാര്‍ട്ടിയില്‍ പിണറായി പക്ഷത്തിന്റെ ശാക്തീകരണത്തോടെ ഏറെക്കുറെ ദുര്‍ബലമായി മാറിയിരുന്നു വി.എസ് പക്ഷം. എന്നാല്‍ ചന്ദ്രശേഖരന്റെ വധത്തോടെ പാര്‍ട്ടി നേതൃത്വത്തിനിതെരെ വി.എസ് തുറന്ന യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പണ്ട് നിഷ്‌ക്രിയരാവുകയോ ആത്മവിശ്വാസം നഷ്ടപ്പെടുകയോ ചെയ്ത അണികള്‍ സജീവമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു കാലത്ത് വി.എസ് അച്ച്യുതാനന്ദന്റെ ശക്തമായ തട്ടകമായിരുന്ന കൊല്ലത്ത് വീണ്ടും വി.എസ് അനുകൂല നീക്കങ്ങള്‍ പ്രകടമായിത്തുടങ്ങി. ‘വി.എസ്.നിങ്ങളാണ് ഏക പ്രതീക്ഷ, പോരാട്ടം തുടരുക’ എന്നെഴുതി കൊല്ലം ജില്ലയിലെ സി.ഐ.ടി.യു.ജില്ലാ ഓഫീസിനു മുന്നില്‍ ബോര്‍ഡ് ഉയര്‍ന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയരുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നിര്‍ദ്ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച കൊല്ലം നഗരത്തില്‍ കലക്ടറേറ്റ്, കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങി എല്ലാ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കരീപ്ര, ഇളമാട് പ്രദേശങ്ങളിലും അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകളും ഫഌ്‌സ്‌ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. കരീപ്രയില്‍ പോസ്റ്റര്‍ പതിച്ചത് സംഘര്‍ഷത്തിന് കാരണമായി. പോസ്റ്റര്‍ പതിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് ലോക്കല്‍ കമ്മിറ്റി അംഗങ്ങളടങ്ങിയ സംഘം കത്തിക്കുകയും സംഭവം കേസാകുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഷൊര്‍ണ്ണൂരിലെ വിമത നേതാവ് എം.ആര്‍ മുരളിയുടെ നേതൃത്വത്തില്‍ പട്ടാമ്പി മേഖലയില്‍ സി.പി.ഐ.എം വിമതരെ സംഘടിപ്പിക്കാന്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക നേതൃത്വത്തിനെതിരെ അണികള്‍ക്കുള്ള അതൃപ്തി നേതൃത്വത്തിന്റെ ഉരുക്കുമുഷ്ടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസരം മുതലെടുത്ത് അത് പരസ്യമായി പ്രകടിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

കായംകുളത്ത് വിലക്ക് ലംഘിച്ച് വി.എസ് അച്ച്യുതാനന്ദന് മുദ്രാവാക്യം വിളികളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തിങ്കളാഴ്ച കായംകുളം റസ്റ്റ് ഹൗസിലെത്തിയ വി.എസ് തിരിച്ച് പോകാനൊരുങ്ങിയപ്പോഴാണ് അന്‍പതോളം പേര്‍ വരുന്ന പ്രവര്‍ത്തകര്‍ വി.എസിന് മുദ്രാവാക്യവുമായി രംഗത്തെത്തിയത്. മുദ്രാവാക്യം വിളിക്കരുതെന്ന് ഏരിയ സെക്രട്ടറി നിര്‍ദേശിച്ചെങ്കിലും വിലക്ക് ലംഘിച്ച് പ്രവര്‍ത്തകര്‍ വി.എസിന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അതേസമയം വിശ്വസ്ത അനുയായികളോട് ജാഗരൂകരായിരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. കായംകുളം റസ്റ്റ്ഹൗസില്‍ തിങ്കളാഴ്ച വിശ്വസ്തരുമായി വി.എസ്. നടത്തിയ കൂടിയാലോചനയിലാണ് ഈ നിര്‍ദേശം നല്‍കിയത്. വരുംദിവസങ്ങളില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടിവന്നേക്കാമെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍വധത്തില്‍ പാര്‍ട്ടിയിലെ ചില പ്രമുഖര്‍ക്ക് ബന്ധമുള്ളതായിട്ടാണ് വി.എസ്സിന് പോലീസില്‍നിന്ന് ലഭിച്ച സൂചന. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടാന്‍ പാടില്ല. ഈ കേസ് അട്ടിമറിക്കാന്‍ ചില യു.ഡി.എഫ്. നേതാക്കള്‍ ശ്രമിക്കുന്നതായി വി.എസ്. അനുയായികളോട് പറഞ്ഞതായിട്ടാണ് വിവരം. അതേസമയം പാര്‍ട്ടിയുടെ താഴെത്തട്ടില്‍ വരെ നടക്കുന്ന ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വി.എസ്. പക്ഷത്തിന് മേല്‍കൈയുള്ള സി.പി.എം. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പിണറായി പക്ഷക്കാരനായ ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു. തോട്ടപ്പള്ളി ഹാര്‍ബര്‍ ബ്രാഞ്ച്‌സെക്രട്ടറി വി.കെ. ബാബുവാണ് രാജിവെച്ചത്. ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം മനോവിഷമം ഉണ്ടാകുന്ന തരത്തിലുള്ളതാണെന്ന് അമ്പലപ്പുഴ ഏരിയസെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.

Advertisement