തിരുവനന്തപുരം: അമേരിക്കയ്‌ക്കെതിരെ നിലപാടെടുത്തതുകൊണ്ടാണ് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിടിച്ചുപറിക്കാരനെന്ന് വിളിച്ചതെന്ന് സി.പി.ഐ.എം. ആണവകരാറുമായി ബന്ധപ്പെട്ട് സി.പി.ഐ.എം എടുത്ത നിലപാട് അമേരിക്കയ്ക്ക് രസിച്ചിരുന്നില്ല. അതാണ് പ്രകാശ് കാരാട്ടിനോടുള്ള ദേഷ്യത്തിന് കാരണം.

വിക്കിലീക്ക്‌സ് പുറത്തുവിട്ട വിവരങ്ങള്‍ ഇന്ത്യ യു.എസ് ബന്ധത്തെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയകാര്യങ്ങളില്‍ യു.എസിന്റെ സ്വാധീനവും വ്യക്തമാക്കിയിരിക്കുകയാണ്. ആണവ കരാറുമായി ബന്ധപ്പെട്ട് യു.എസ് എംബസി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും സ്വാധീനിക്കാന്‍ ശ്രമിച്ചത്, ഇറാനുള്‍പ്പെടെയുള്ള ഇന്ത്യയുടെ വിദേശനയങ്ങളിലുള്ള യു.എസ് സമ്മര്‍ദ്ദം, എന്നിവ തെളിഞ്ഞിരിക്കുകയാണ്. വിദേശനയങ്ങളില്‍ ഇന്ത്യയും അമേരിക്കയുമായുള്ള സഹകരണത്തെ കുറിച്ച് തുറന്നുപറയാന്‍ പല ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും അറപ്പാണെന്നും രേഖകളില്‍ പറഞ്ഞിട്ടുണ്ട്. സി.പി.ഐ.എം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.