തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിപദം ഒഴിയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും. വിജിലന്‍സ് വകുപ്പ് വിട്ടുകൊടുക്കുന്നത് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും സി.പി.ഐ.എം സെക്രട്ടേറിയേറ്റ് വിലയിരുത്തി. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് സെക്രട്ടേറിയേറ്റ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പൊതുഭരണ വകുപ്പാണ്. അത് മുഖ്യമന്ത്രിയുടെ കയ്യിലാണ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പിന് കീഴിലാണ്. ആഭ്യന്തരവും ഉമ്മന്‍ചാണ്ടിയുടെ കീഴിലാണ്. സാങ്കേതികമായി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതുകൊണ്ട് അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനുള്ള അവസരം ഇല്ലാതാകില്ല.

എല്ലാ മന്ത്രിമാരുടെയും മുകളിലാണ് മുഖ്യമന്ത്രിയുടെ സ്ഥാനം. മുഖ്യമന്ത്രിക്ക് എല്ലാ വകുപ്പുകളിലും ഇടപെടാന്‍ ഭരണപരമായ അവകാശമുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസില്‍ കോടതിയുടെ വ്യക്തിപരമായ പരാമര്‍ശമുണ്ടാവുന്നത് ആദ്യമായാണ്. അന്വേഷണം നടത്താന്‍ 10 കാരണങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി നിരത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് തുല്യമാണ് കോടതി വിധി. സ്വതന്ത്രവും നീതീപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി ഒഴിയണം. നിയമപരവും ധാര്‍മ്മികവും രാഷ്ട്രീയപരവുമായ അന്തസ്സുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി അതാണ് ചെയ്യേണ്ടത്. കേരളം അതാണ് ആവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു.