എഡിറ്റര്‍
എഡിറ്റര്‍
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിക്കാറില്ല : സി.പി.ഐ.എം കേന്ദ്രകമ്മിറ്റി
എഡിറ്റര്‍
Saturday 11th August 2012 6:08pm

ന്യൂദല്‍ഹി : കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നാലാം സ്ഥാനമാണെന്ന വാര്‍ത്ത സി.പി.ഐ.എം നിഷേധിച്ചു.

Ads By Google

വന്‍കിട കമ്പനികളില്‍ നിന്നും ചെറിയ തുകയാണെങ്കിലും സംഭാവന സ്വീകരിക്കരുത്  എന്നതാണ്‌ പാര്‍ട്ടിയുടെ തീരുമാനമെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു. ആന്ധ്രാപ്രദേശിലെ ചില കമ്പനികളില്‍ നിന്നും സംഭാവന വാങ്ങിയത് ശ്രദ്ധയില്‍ പെട്ടതിനാലാണ് പോളിറ്റ് ബ്യൂറോ ഈ തീരുമാനം എടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

2005 മുതല്‍ 2011 വരെയുള്ള സി.പി.ഐ.എം. ന്റെ വരുമാനവും പാര്‍ട്ടി പുറത്തുവിട്ടു.

166.79 കോടി രൂപ അംഗങ്ങളില്‍ നിന്നും ലെവിയായി സ്വീകരിച്ചെന്നും പാര്‍ട്ടി അംഗത്വ തുകയായി 2.56 കോടി രൂപയും സംഭാവനയായി 165.68 കോടി രൂപയും ലഭിച്ചെന്നും പാര്‍ട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് ഇനത്തില്‍ പാര്‍ട്ടിക്ക് 48.34 കോടിയും നിക്ഷേപങ്ങളുടെ പലിശയായി 23.4 കോടിയും ലഭിച്ചെന്നും കേന്ദ്രകമ്മിറ്റി പറയുന്നു.

സംഭാവനകളുടെ സ്രോതസ്സ് രഹസ്യമായി വെക്കാറില്ലെന്നും ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കാറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. വരുമാനത്തില്‍ .35 ശതമാനം മാത്രമാണ് വലിയ സംഭാവനകളില്‍ നിന്നും ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതിനായിരത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്ന വ്യക്തികളുടേയും കമ്പനികളുടേയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

2007-08നും 2011-2012നും ഇടയില്‍ 335 കോടി രൂപയിലധികമാണ് സി.പി.ഐ.എമ്മിന് ലഭിച്ച കോര്‍പ്പറേറ്റ് ഫണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഈ കാലയളവില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 200 കോടിയും എന്‍.സി.പിക്ക് 140 കോടിയുമാണ് ലഭിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു.

Advertisement