എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം വിഷയങ്ങള്‍ക്കായി സി.പി.ഐ.എം മാസിക
എഡിറ്റര്‍
Sunday 10th February 2013 12:00am

CPIM New Face

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ.എം മാസിക തുടങ്ങുന്നു. സി.പി.ഐ.എമ്മിന്റെ നിര്‍ദേശാനുസരണം ഇന്നലെ കോഴിക്കോട് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മുസ്‌ലിം വിഷയങ്ങള്‍ മതേതര പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന് ചര്‍ച്ചചെയ്യുന്നതിനായാണ് മാസിക തുടങ്ങുന്നത്. മാസികയുടെ ആദ്യ ലക്കം ഏപ്രിലില്‍ പുറത്തിറങ്ങും. മാസികയുടെ എഡിറ്റോറിയല്‍ ചെയര്‍മാനായി ഡോ.കെ.ടി ജലീല്‍ എം.എല്‍.എയെ തിരഞ്ഞെടുത്തു.

Ads By Google

ടി.കെ ഹംസ, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ.കെ.കെ ഉസ്മാന്‍, പ്രൊഫ.ബഷീര്‍ മണിയംകുളം, ഡോ.ടി ജമാല്‍ മുഹമ്മദ്, ഡോ. നൗശാദ് ജാഫര്‍ അത്തോളി എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍.

സാമുദായിക ധ്രുവീകരണം തടയുന്നതിനും നഷ്ടമാകുന്ന മുസ്‌ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാനുമാണ് മാസികയുമായി സി.പി.ഐ.എം എത്തുന്നത്. മാസികയുടെ പേര് ഉടന്‍ തീരുമാനിക്കും.

മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മുസ്‌ലീം ലീഗ് കൈകാര്യം ചെയ്യുന്നത് ശക്തമായ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുന്നു എന്ന തിരിച്ചറിവാണ് മാസികയ്ക്ക് പിന്നില്‍.

അടുത്തിടെ മുസ്‌ലീം വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെട്ട് തുടങ്ങിയിരുന്നു. മുസ്‌ലീം വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും പരിഹാരം കാണുകയുമാണ് മാസിക കൊണ്ട് ലക്ഷ്യമിടുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സി.പി.ഐ.എം സംസ്ഥാന സമിതിയംഗം എളമരം കരീമിനെ നേരത്തേ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. മാസികയുടെ പ്രാരംഭ ഘട്ടത്തില്‍ ഏത് തരം വിഷയങ്ങള്‍ എങ്ങനെ ഉയര്‍ത്തണമെന്നും എങ്ങനെ പരിഹരിക്കണമെന്നും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ഡോ.കെ.കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ് കുട്ടി, എളമരം കരീം, ടി.കെ ഹംസ, ഡാ. ഹുസൈന്‍ രണ്ടത്താണി, ഡോ.കെ.കെ ഉസ്മാന്‍, പ്രൊഫ.ബഷീര്‍ മണിയംകുളം, ഡോ.ടി ജമാല്‍ മുഹമ്മദ്, ഡോ. നൗശാദ് ജാഫര്‍ അത്തോളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുസ്‌ലീം ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 13ന് ചെമ്മാട് വെച്ച് സാമ്രാജ്യത്വ വിരുദ്ധതയുടെ മലപ്പുറം പാരമ്പര്യം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

Advertisement