സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ.എം മുന്‍കൈയ്യെടുത്ത് ദല്‍ഹിയില്‍ മുസ്‌ലിം സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്‍പ്പെടെ പ്രമുഖ മുസ്‌ലിം വ്യക്തിത്വങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എം.പി, പശ്ചിമ ബംഗാളിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായി സെമിനാറില്‍ പങ്കെടുത്ത സിനിമാ സംവിധായകനും സി.പി.ഐ.എം സഹയാത്രികനുമായ പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

‘ ഇന്ത്യയില്‍ വലിയ രീതിയലുള്ള മാറ്റങ്ങള്‍ വരുന്നുണ്ട്. കേരളത്തിലെ ബുദ്ധിജീവികള്‍ കാണാതെ പോകുന്ന ട്രെന്റ് ആണത്. ആഫ്രോ, ഏഷ്യന്‍ രാജ്യങ്ങളില്‍ ആ തരത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 70കളിലെ കേരളത്തിലെ ബുദ്ധിജീവികള്‍ ഇതൊന്നും കാണുന്നില്ല.

കുരിശു യുദ്ധത്തിനു ശേഷം ആഗോള തലത്തില്‍ മുസ്‌ലിം കമ്മ്യൂണിറ്റി വന്‍തോതില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനയെക്കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഖുര്‍ആനിലേക്കും ദൈവത്തിലേക്കുമുള്ള വഴി മാത്രമായാണ് ഇസ്‌ലാമിനെ മുല്ലമാര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വിരുദ്ധമായി പാശ്ചാത്യ ലോകത്ത് നിരവധി അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഡോ. ആരിഫുദ്ധീന്‍ എഴുതിയ അറിയപ്പെടാത്ത പൗരസ്ത്യ ലോകം- മറച്ചുവെക്കപ്പെട്ട സത്യങ്ങള്‍ എന്ന പുസ്തകം ഇത്തരത്തില്‍ എഴുതപ്പെട്ടതാണ്.

കേരളത്തില്‍ സുന്നിയും മുജാഹിദും ജമാഅത്തുമല്ലാത്ത മുസ്‌ലിം ചെറുപ്പക്കാരുണ്ട്. അവര്‍ ആധുനികരാണ്. അതേസമയം അവര്‍ പള്ളിയില്‍ പോവുകയും ചെയ്യും

ലോകം ഡാര്‍ക്ക് ഏജ് എന്ന് പറഞ്ഞ് തള്ളിയ 1000 വര്‍ഷക്കാലത്താണ് ലോകത്ത് മോഡണൈസേഷന്‍ നടക്കുന്നതെന്നതാണ് സത്യം. അഥവാ ഇന്ന് ലോകത്ത് കാണുന്നത് ആധുനികതക്ക് പിന്നിലുള്ളത് ഗ്രീക്ക് അല്ല എന്നുള്ളതാണ്. ഇതൊന്നും ഇവിടെ ചര്‍ച്ച ചയ്യപ്പെട്ടിട്ടില്ല. ഗ്രാംഷി, നോം ചോംസ്‌കി, സാര്‍ത്ര് എന്നിവരുടെ അടിമത്വത്തിലാണ് നാം ഇപ്പോഴുമുള്ളത്.

നോര്‍ത്ത് ആഫ്രിക്ക, പാരീസ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം അറേബ്യയില്‍ അതൊന്നും നടക്കുന്നില്ലെന്നതാണ് സത്യം. അവര്‍ കള്ളുകുടിച്ച് നടക്കുകയാണ്. മുസ്‌ലിംകള്‍ മുഖ്യധാരയിലേക്ക് വരാന്‍ ശ്രമിക്കുന്നുവെന്നാണ് ഇത്തരം അന്വേഷണങ്ങളെല്ലാം തെളിയിക്കുന്നത്. സിനിമ പോലുള്ള ആധുനിക മീഡിയകളോട് അവര്‍ സമരസപ്പെട്ടു. അവര്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസപരമായി വലിയ പുരോഗതിയുണ്ടായിട്ടുമുണ്ട്.

കേരളത്തില്‍ സുന്നിയും മുജാഹിദും ജമാഅത്തുമല്ലാത്ത മുസ്‌ലിം ചെറുപ്പക്കാരുണ്ട്. അവര്‍ ആധുനികരാണ്. അതേസമയം അവര്‍ പള്ളിയില്‍ പോവുകയും ചെയ്യും. അവരെ ആകര്‍ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അവരെ ഇവിടത്തെ ബുദ്ധിജീവികള്‍ക്ക് അറിയില്ല. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി പോലും പര്‍ദയുടെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നില്ല. അവരുടെ ചടങ്ങുകളില്‍ പങ്കെടുത്ത് പര്‍ദക്കെതിരെ ഞാന്‍ ശക്തമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ഒന്നും മിണ്ടിയില്ല. ഇത്തരക്കാരെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ചിലര്‍ ലഫ്റ്റില്‍ ഉണ്ട്. എന്നാല്‍ കേരള ചരിത്രം പോലും അറിയാത്തവും അവരിലുണ്ട്.

ഗുരുവായൂര്‍ അമ്പലത്തിന്റെ കസ്റ്റോഡിയന്‍ ഒരു ഹൈദ്രോസ് കുട്ടിയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളിയെ നാടുകടത്തിയത് വലിയ സംഭവമായി ആഘോഷിക്കുന്ന കേരളത്തില്‍ 1882ല്‍ ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയത് ചര്‍ച്ചയാവുന്നില്ല. എല്ലാ മേഘലയിലും ഒരു പുനര്‍വായന ആവശ്യമാണെന്നാണ് ഇത് തെളിയിക്കുന്നത്. ആ തരത്തിലുള്ള ചര്‍ച്ചകള്‍ ഇനിയും നടക്കണം’- കെ ടി മുഹമ്മദ് പറഞ്ഞു.

തയ്യാറാക്കിയത്: കെ എം ഷഹീദ്