കാസര്‍ഗോഡ്: സി.പി.ഐ.എം – ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അക്രമത്തില്‍ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു.

കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകള്‍ ഒരു സംഘം തകര്‍ത്തു. രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. കാര്‍ത്ത്യായനി, നാരായണന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ഇന്നലെ രാത്രി അക്രമമുണ്ടായത്. വീടുകളിലെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും തകര്‍ത്തു. നാരായണന്റെ രണ്ടുകുട്ടികള്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാരം സ്ഥാപനങ്ങളായ ഫാല്‍കോ വെഡ്ഡിംഗ് സെന്റര്‍, ഐവ കളക്ഷന്‍, കൈാസ് തിയറ്ററിന് സമീപത്തെ ഫാന്‍സി സ്ഥാപങ്ങളായ പേള്‍സിറ്റി, വുമണ്‍സ് വേള്‍ഡ്, മലബാര്‍ വെഡ്ഡിംഗ് സെന്റര്‍, മൗലവി ബുക്ക് സ്റ്റാള്‍ തുടങ്ങിയവ അടിച്ചുതീര്‍ത്തു.

അക്രമികളെ കണ്ടെത്താന്‍ പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. ആയുധങ്ങളുമായി തമ്പടിച്ചിരുന്ന അക്രമി സംഘങ്ങളെ പോലീസ് ഓരോ സ്ഥലത്തുനിന്നും തുരത്തിയോടിക്കുകയാണ്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതുകളും സ്വീകരിച്ചിട്ടുണ്ട്.

അക്രമത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും ഇന്ന് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം രാവിലെ ദേളി സഅദിയ കോളജിന്റെ ബസ് വെള്ളിേേക്കാത്ത് വച്ച് ഒരു സംഘം അടിച്ചു തകര്‍ത്തു. മഡിയനില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരായ റൗഫ്, മുനീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ കട ഒരു സംഘം അടിച്ചു തകര്‍ത്തു.

അതേസമയം, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ സംഘടിച്ചു നിന്ന ഇരു വിഭാഗമാളുകള്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. അക്രമം വ്യാപകമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കടകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ ഇന്നു രാവിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.