കോഴിക്കോട്: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം നടക്കുന്നതിനിടയില്‍ സി.പി.ഐ.എം വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കരയുടെ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്ന ഭീഷണിയുമായി എം.എല്‍.എ ജോര്‍ജ് എം തോമസ്. നവംബര്‍ എട്ടിന് സി.പി.ഐ.എം വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയായിരുന്നു എം.എല്‍.എയുടെ ഭീഷണി.

‘പിണറായി വിജയനെ അരച്ചു കലക്കി കുടിക്കാനല്ലേ ദേഷ്യം… ഒരു പെണ്ണൊരുത്തി വന്നിട്ട്… വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടാണ്.. എന്തൊക്കെ പുലഭ്യാണ് വിളിച്ചു പറഞ്ഞത്…ഞങ്ങളെങ്ങാനും അടുത്തുണ്ടെങ്കില്‍ യാതൊരു മര്യാദയും ഇല്ലാതെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമായിരുന്നു’. ഇങ്ങനെയായിരുന്നു എം.എല്‍.എയുടെ പ്രസംഗം.


Also Read: ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചത് സര്‍ക്കാരിന്റെ പ്രതികാര നടപടിനടപടിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍


സി.പി.ഐ.എം നേതാക്കളായ എളമരം കരീം, പി.എന്‍ പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തിരുവമ്പാടി എം.എല്‍.എയായ ജോര്‍ജ്ജ് എം തോമസിന്റെ പ്രസംഗം. നേരത്തെ ഒക്ടോബര്‍ 22 ന് ഗെയ്ല്‍ വിരുദ്ധ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീജയായിരുന്നു.

അതേസമയം എം.എല്‍.എക്ക് മറുപടിയുമായി ശ്രീജ രംഗത്തെത്തി. എം,എല്‍.എയുടെ കരണക്കുറ്റിക്കടി ഏറ്റുവാങ്ങാന്‍ പറയുന്നിടത്ത് വരാമെന്ന് ശ്രീജ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശ്രീജയുടെ പ്രതികരണം.

രാഷ്ട്രീയമായി സംവദിക്കാന്‍ എത്തുന്ന വനിത നേതാക്കളുടെ കരണക്കുറ്റിക്കടിക്കലാണോ എം.എല്‍.എയുടെ പണി എന്നും ശ്രീജ ചോദിക്കുന്നു.

 

Posted by Anwer Sadath on Friday, November 10, 2017