കണ്ണൂര്‍: ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ക്കും വി.എസ് അച്ച്യുതാനന്ദനും മറുപടി നല്‍കാനായി സി.പി.ഐ.എം പൊതുയോഗം സംഘടിപ്പിക്കുന്നു. 19നു കൃഷ്ണപിള്ള ദിനത്തില്‍, ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടിരിക്കുന്ന കമ്പില്‍ ബസാറില്‍ വന്‍പൊതുയോഗവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു പാര്‍ട്ടി.

നാറാത്തെ ബെര്‍ലിന്റെ വീട്ടില്‍ ആദ്യമായി അന്തിയുറങ്ങിയ കമ്യൂണിസ്റ്റ് നേതാവാണു സഖാവ് കൃഷ്ണപിള്ള. ബെര്‍ലിനു പാര്‍ട്ടി അംഗത്വം നല്‍കിയതും ബാലസംഘത്തിന്റെ ചുമതല നല്‍കിയതും ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ചതും പാര്‍ട്ടി രഹസ്യഗ്രൂപ്പില്‍ അംഗമാക്കിയതുമെല്ലാം കൃഷ്ണപിള്ളയായിരുന്നു.

2005ല്‍ തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയപ്പോള്‍ കമ്പില്‍ ബസാറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കേള്‍വിക്കാരനായി ബെര്‍ലിനുമുണ്ടായിരുന്നു. അന്നു പാര്‍ട്ടി നിലപാടു വിശദീകരിക്കാനെത്തിയത് ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദനായിരുന്നു. പൊതുയോഗസ്ഥലത്തുതന്നെ തന്റെ നിലപാടുകളെ സാധൂകരിക്കുന്ന ചോദ്യങ്ങളുയര്‍ത്തി ബെര്‍ലിന്‍ നേതൃത്വത്തെ കുഴക്കി. എന്നാല്‍ ഇക്കുറി ശാരീരിക അവശതകള്‍മൂലം ബെര്‍ലിന്‍ യോഗസ്ഥലത്തു പോകാനിടയില്ല. മയ്യില്‍, കണ്ണൂര്‍ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണു കമ്പില്‍ ബസാറിലെ പൊതുയോഗം. നാറാത്തേക്കു റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവുമുണ്ടാകും.