വടകര: ടി.പി.വധക്കേസില്‍ സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവരെ പതിനാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ പ്രതിഷേധിച്ച് വടകയില്‍ സംഘര്‍ഷാവസ്ഥ. സി.പി.ഐ.എം പ്രവര്‍ത്തകരാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും സി.പി.ഐ.എമ്മിന്റെ കയ്യേറ്റം.

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്ത സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവരെ കോടതിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിയുകയായിരുന്നു.

പ്രധാനമായും ഇന്ത്യവിഷന്‍, മനോരമ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയാണ് ഇവര്‍ ആക്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ നിശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ക്യമറകള്‍ നിര്‍ബന്ധിച്ച് ഓഫ് ചെയ്യിക്കുകയും ക്യാമറകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്‍, ഏരിയ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തതോടെ സുപ്രധാന വഴിത്തിരിവിലെത്തിയ കേസില്‍ മറ്റ് പ്രതികളെ പിടിക്കുന്നതിന് വേണ്ടി കണ്ണൂരിലെ കണ്ണവം വനമേഖലയില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പ്രതികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.

വെല്ലുവിളിക്കപ്പെടുന്ന മാധ്യമസ്വാതന്ത്ര്യം