എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പ്രതിഷേധമാര്‍ച്ച് അക്രമാസക്തം: കണ്ണൂര്‍ എസ്.പിയെ വിമര്‍ശിച്ച് പി.കെ ശ്രീമതി
എഡിറ്റര്‍
Wednesday 1st August 2012 6:24pm

കണ്ണൂര്‍: കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ചില്‍ വ്യാപക കല്ലേറ്. എസ്.പി ഓഫീസിന് സമീപം പോലീസ്‌വലിയ ബാരിക്കേഡുയര്‍ത്തി മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു വിഭാഗം പ്രവര്‍ത്തകര്‍ സമീപത്ത് സ്ഥിതിചെയ്യുന്ന കളക്‌ട്രേറ്റിന് നേര്‍ക്ക് അക്രമം നടത്തുകയായിരുന്നു.

കളക്ട്രേറ്റിന് നേര്‍ക്ക് കല്ലേറ് നടത്തിയ പ്രവര്‍ത്തകര്‍ പിന്നീട് റോഡിന്റെ വശങ്ങളിലുള്ള കടകള്‍ക്ക് നേരെയും കല്ലെറിഞ്ഞു. കല്ലേറില്‍ ഏതാനും കടകളുടെ മുന്‍പിലുണ്ടായിരുന്ന ചില്ലുഗ്ലാസുകള്‍ തകര്‍ന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും പോലീസ് ലാത്തിപ്രയോഗത്തിന് മുതിര്‍ന്നില്ല.

അറസ്റ്റില്‍ പ്രതിഷേധിച്ച കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് അക്രമാസക്തമാകുമെന്ന സൂചനയെ തുടര്‍ന്ന ശക്തമായ പോലീസ് സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മാര്‍ച്ചില്‍ സി.പി.ഐ.എം നേതാക്കളായ എം.വി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.  പി.കെ.ശ്രീമതിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പി.കെ.ശ്രീമതി സംസാരിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനം നടത്താന്‍ അനുവദിച്ചില്ല. മറ്റൊരു കാലത്തും കാണാത്ത രീതിയിലാണ് ഇപ്പോള്‍ സി.പി.ഐ.എമ്മിനെതിരെ രാഹുല്‍ നായര്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ മുന്നില്‍ പാര്‍ട്ടിയെ തേജോവധം ചെയ്യാനാണ് രാഹുല്‍ നായരെ കണ്ണൂരിലേക്കു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ചതെന്നും പി.കെ. ശ്രീമതി പറഞ്ഞു.

ലീഗ് നേതാക്കള്‍ക്ക് ജയരാജനെ ഒറ്റിക്കൊടുക്കുന്ന പരിപാടിയാണ് കണ്ണൂര്‍ എസ്.പി ചെയ്തതെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. ജയരാജനും ടി.വി. രാജേഷും പട്ടുവത്തു പോയത് രാഹുല്‍ നായര്‍ക്കും അറിയാമായിരുന്നു. രാഹുലാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് ജയരാജനും രാജേഷും അവിടേക്കു പോകുന്നു എന്ന വിവരം നല്‍കിയതെന്നും ജയരാജന്‍ ആരോപിച്ചു.

Advertisement