മലപ്പുറം: മഞ്ഞളാംകുഴി അലിയുടെ രാഷ്ട്രീയ കാപട്യം തെളിഞ്ഞെന്നു സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടിയെ നന്നാക്കാനാണെന്നും സര്‍വസ്വതന്ത്രനാണെന്നും പുലമ്പിയിരുന്ന അലി ചതിയായിരുന്നു മനസില്‍ സൂക്ഷിച്ചിരുന്നതെന്നാണ് മുസ്‌ലിംലീഗില്‍ ചേരാനെടുത്ത തീരുമാനത്തില്‍ നിന്നു വ്യക്തമാകുന്നതെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

മുസ്‌ലിം ലീഗിന്റെ അന്തഃപുരങ്ങളില്‍ സി.പി.ഐ.എമ്മിനെ വിറ്റഴിക്കാനുള്ള രാഷ്ട്രീയ കച്ചവടമാണ് അലി നടത്തിയിരുന്നതെന്ന് ലീഗില്‍ ചേരാന്‍ എടുത്ത തീരുമാനത്തിലൂടെ വ്യക്തമായി. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതായി ഭാവിച്ച് പിറകില്‍നിന്നു കുത്താനും സ്വന്തം അധികാരമോഹങ്ങള്‍ക്കു ഇടതുപക്ഷജനാധിപത്യ മുന്നണി അനുഭാവികളെ ഉപയോഗിക്കാനുമായിരുന്നു അലി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മങ്കട നിയോജകമണ്ഡലത്തിലെ ഒരു ചെറിയവിഭാഗം പാര്‍ട്ടി അണികളെ ലീഗില്‍ ചേര്‍ക്കാനുള്ള നീക്കം അലിയുടെ നീക്കം ഇതോടെ പൊളിഞ്ഞതായും ജില്ലാ സെക്രട്ടേറിയറ്റ് അവകാശപ്പെട്ടു.

അലിയുടെ രാഷ്ട്രീയ വഞ്ചന തിരിച്ചറിയാനും പ്രതികരിക്കാനുള്ള കഴിവ് മങ്കടയിലും മലപ്പുറത്തുമുള്ള രാഷ്ട്രീയ പ്രബുദ്ധതയുള്ള സാധാരണ പാര്‍ട്ടി അനുഭാവികള്‍ക്കുണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

അലിയുടെ നിറം മാറി