കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങുന്ന നേതാക്കള്‍ ജാഗ്രതൈ. വേണമെങ്കില്‍ കാല്‍നടയായി മാത്രം പോകാം. സൈക്കിളിലോ ബൈക്കിലോ പോലും പോകരുത്. അത് പാര്‍ട്ടി തീരുമാനത്തിന്റെ ലംഘനമായി കണക്കാക്കും. നാദാപുരത്താണ് ബൈക്കില്‍ യാത്ര ചെയ്ത പാര്‍ട്ടി നേതാവിന് അണികളുടെ വക മര്‍ദ്ദനം.

Ads By Google

നാദാപുരത്തിനടുത്ത് തലായിലാണ് ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടിപ്രവര്‍ത്തകരുടെ മര്‍ദ്ദനം. എടച്ചേരി ലോക്കല്‍ സെക്രട്ടറി വി രാജീവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജീവിനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ പോയതല്ല, ഉള്‍പ്പാര്‍ട്ടി സമരമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സംസാരം.

ഔദ്യോഗിക-വിമതപക്ഷങ്ങള്‍ തമ്മിലുള്ള പോരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. വി.എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന രാജീവ് ഔദ്യോഗികപക്ഷത്തിന് അനഭിമതനാണ്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയാണെന്ന് പറഞ്ഞെങ്കിലും തുടര്‍ന്നും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു. മര്‍ദ്ദിച്ചവരെ അറിയില്ലെന്ന് രാജീവ് പറഞ്ഞു.