തിരുവനന്തപ്പുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് സി.കെ ചന്ദ്രപ്പനും ബിനോയ് വിശ്വത്തിനും സി.പി.ഐഎം കത്തയച്ചു. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘമാണ് കത്തയച്ചിരിക്കുന്നത്.

സി.പി.ഐ.എമ്മിന് ഐ.ടു.ഐ എന്ന സ്ഥാപനവുമായി ബന്ധമില്ല. ഇക്കാര്യം ആ കമ്പനി തന്നെ വ്യക്തമാക്കിയതാണെന്ന് കത്തില്‍ പറയുന്നു. പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിക്കണം. അന്തസില്ലാത്ത നിലപാട് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കത്തില്‍ ഉണ്ട്.

ആരുടെയോ ദുര്‍ബോധത്തിന്റെ ഫലമായി വ്യാജ നിര്‍മ്മിതിയുടെ അഴുക്കു ചാലില്‍ വീഴുകയായിരുന്നു ബിനോയ് വിശ്വമെന്ന് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ എം. വിജയകുമാര്‍ കുറ്റപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഈ സാഹചര്യത്തില്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് നേരത്തെ സി.കെ ചന്ദ്രപ്പനോടും ബിനോയ് വിശ്വത്തോടും സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്വാഗത സംഘം ചെയര്‍മാന്‍ എം. വിജയകുമാര്‍, കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ പേരിലാണു കത്തയച്ചിരിക്കുന്നത്.

Malayalam News

Kerala News In English