തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരായ വൈദ്യുത മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാക്കള്‍ രംഗത്ത്. മണിയുടെ പരാമര്‍ശം അംഗീകരിക്കാനാവല്ലെന്ന് മുന്‍ എം.പിയും സി.പി.ഐ.എം നേതാവുമായ ഡോ.ടി.എന്‍ സീമ പറഞ്ഞു.


Also read പശു സംരക്ഷണത്തിന്റെ പേരില്‍ ദല്‍ഹിയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; മര്‍ദ്ദിച്ചത് മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തകര്‍ 

Subscribe Us:

പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെക്കെതിരെ അടിമാലിയിലെ ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മന്ത്രി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍ പഴയ റോഡില്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപി.ഐ.എം നേതാക്കളും മന്ത്രിക്കെതിരെ രംഗത്തെത്തിയത്.

ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ പാര്‍ട്ടി പരിശോധിക്കണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബ്കലക്ടര്‍ക്കെതിരായ മണിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ബാലന്‍ മണിക്കെതിരെ രംഗത്തെത്തിയത്.

മന്ത്രിയുടെ പരാമര്‍ശം അംഗീകരിക്കാനവില്ലെന്ന് പറഞ്ഞ ടി.എന്‍ സീമ മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ ദുഖിക്കുന്നുവെന്നായിരുന്നു എം.പിയും സിപി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ ശ്രീമതി ടീച്ചറുടെ പ്രതികരണം. സമരത്തെ അനുകൂലിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.