കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ പരാജയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകം മൂലമെന്ന് സി.പി.ഐ.എം ജില്ലാസമ്മേളനം. ഇന്നലെ നടന്ന കോഴിക്കോട് ജില്ലാസമ്മേളനത്തില്‍ ജില്ലയിലെ പരാജയവും, കിനാലൂര്‍ പ്രശ്‌നവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

റിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് രാവിലെയും ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചയായി. കോഴിക്കോട്ടെ പരാജയം സംബന്ധിച്ച ചര്‍ച്ചയില്‍ 13 ഏരിയാകമ്മിറ്റി അംഗങ്ങളില്‍ 12 പേരും പങ്കെടുത്തു. റിയാസിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കിയതിന് ശക്തമായ വിമര്‍ശനമാണ് ജില്ലാസമ്മേളനത്തില്‍ ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥിയോടുള്ള അസംതൃപ്തി വ്യാപകമായ വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമേ വിഭാഗീയതയും കോഴിക്കോട്ടെ പരാജയത്തിനിടയാക്കി.

Subscribe Us:

കിനാലൂര്‍ പ്രശ്‌നത്തില്‍ ജില്ലാനേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നാല് അംഗങ്ങളാണ് കിനാലൂര്‍ വിഷയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. ജില്ലയില്‍ കിനാലൂര്‍ പ്രശ്‌നത്തില്‍ ഇടപെട്ട മുതിര്‍ന്ന സി.പി.ഐ.എം നേതാവായ മൂസക്കുട്ടിയെ പുറത്താക്കുന്നതുവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. നേരത്തെ കിനാലൂര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളമെത്തില്ലായിരുന്നെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

കാന്തപുരം, ജമാഅത്ത ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചും വിമര്‍ശനമുയര്‍ന്നു. മുസ്‌ലീംസംഘടനകളുമായി സഹകരിക്കുമ്പോള്‍ വര്‍ഗനിലപാട് കൈക്കൊള്ളണമെന്ന് സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വോട്ടിനുവേണ്ടി കാന്തപുരം വിഭാഗവുമായും ജമാ അത്ത ഇസ് ലാമിയുമായി സി.പി.ഐ.എം ബന്ധമുണ്ടാക്കിയപ്പോള്‍ മോശം മൂല്യങ്ങള്‍ക്ക് സമൂഹത്തില്‍ മേല്‍ക്കൈ നേടാനായെന്നും പ്രതിനിധികള്‍ ആരോപിച്ചു.

Malayalam news
Kerala news in english