തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ 20-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപ്പുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളന നഗരിയില്‍ കൊടിയേറി. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറാണ് പതാക ഉയര്‍ത്തിയത്. പതാക, കൊടിമര ജാഥകള്‍, തിരുവനന്തപുരം ജില്ലയിലെ പതിനാല് കേന്ദ്രങ്ങളില്‍ നിന്നെത്തിയ ദീപശിഖാ ജാഥകള്‍ എന്നിവ വേദിയായ ബാലാനന്ദന്‍ നഗരിയില്‍ എത്തിയതിന് ശേഷമാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്.

കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ നേതൃത്വം നല്‍കിയ കയ്യൂരില്‍ നിന്നാരംഭിച്ച പതാക ജാഥക്ക് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയില്‍ സ്വീകരണം നല്‍കി. വയലാറില്‍ നിന്ന് എം.എ ബേബിയുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥയെ കടമ്പാട്ടുകോണത്തു സ്വീകരണം നല്‍കി. ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ജാഥക്ക് കേശവദാസപുരത്ത് സ്വീകരണം നല്‍കി. മൂന്നു ജാഥകളും കേശവദാസപുരത്തു സംഗമിച്ചശേഷം വേദിയിലേക്ക് ഒരുമിച്ചാണ് നീങ്ങിയത്. നൂറുകണിക്കിന് പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു.

സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം നാളെ രാവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എ.കെ.ജി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, കെ. വരദരാജന്‍, വൃന്ദ കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 3,70,000 അംഗങ്ങളെ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം 565 പേര്‍ നാലു ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.

Malayalam News
Kerala News in English