എഡിറ്റര്‍
എഡിറ്റര്‍
പ്രതിസന്ധിക്ക് പരിഹാരമായില്ല: കൊയിലാണ്ടി നഗരസഭാ അധ്യക്ഷ ശാന്ത തിങ്കളാഴ്ച രാജിവെക്കും
എഡിറ്റര്‍
Saturday 11th January 2014 9:54am

cpim

കോഴിക്കോട്: മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കൊയിലാണ്ടി സി.പി.ഐ.എമ്മില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരമായില്ല.

ബാലകൃഷ്ണന്റെ ഭാര്യ നഗരസഭാ അധ്യക്ഷ കെ. ശാന്തയും രാജി നല്‍കാന്‍ തീരുമാനിച്ചു.

ബാലകൃഷ്ണനോടും നഗരസഭ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് കാണിച്ച് കത്ത് നല്‍കിയ അദ്ദേഹത്തിന്റെ ഭാര്യ ശാന്തയോടും വ്യാഴാഴ്ചവരെ കാത്തിരിക്കാനും കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന അനുരഞ്ജന ചര്‍ച്ചകളൊന്നും നടന്നില്ല. ബാലകൃഷ്ണനോട് വിട്ടുവീഴ്ച പാടില്ലെന്ന് കൊയിലാണ്ടിയിലെ ഔദ്യോഗിക നേതൃത്വവും പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ശാന്ത നേരത്തെ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരുന്നു. കത്തിലെ വിശദാംശങ്ങള്‍ക്ക് ജനവരി ഒമ്പതിനകം മറുപടി നല്‍കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. മറുപടി ലഭിക്കാത്തിനാലാണ് അവര്‍ തിങ്കളാഴ്ച തന്നെ നഗരസഭാ സെക്രട്ടരിക്ക് രാജിക്കത്ത് നല്‍കാന്‍ തീരുമാനിച്ചത്.

ശാന്തയെ അനുകൂലിച്ച് 12 കൗണ്‍സിലര്‍മാരും നേരത്തേ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെമേല്‍ ഔദ്യോഗികപക്ഷം ശക്തമായ സമ്മര്‍ദം ചെലുത്തിയതിനാല്‍ ചിലരെല്ലാം മുന്‍ തീരുമാനത്തില്‍നിന്ന് പിന്നാക്കം പോയിട്ടുണ്ട്.

ആറുപേരെങ്കിലും ശാന്തയെ അനുകൂലിച്ചാല്‍ എല്‍.ഡി.എഫിന് കൊയിലാണ്ടി നഗരസഭാ ഭരണം നഷ്ടമാകും.

മൊത്തം 44 അംഗങ്ങളാണ് നഗരസഭയില്‍ ഉള്ളത്. ഇതില്‍ 27 അംഗങ്ങള്‍ എല്‍.ഡി.എഫിനുണ്ട്. യു.ഡി.എഫിന് 14 അംഗങ്ങളും ബി.ജെ.പി.ക്ക് മൂന്ന് അംഗങ്ങളും. ഭരണത്തിന് 23 പേരുടെ പിന്തുണ വേണം.

ആറുപേര്‍ എല്‍.ഡി.എഫ്. ഭരണത്തിന് പിന്തുണ പിന്‍വലിച്ചാല്‍ ഭരണം നഷ്ടമാകും. കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ രാജിവെക്കാതെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാവും അവരുടെ തീരുമാനം.

1993ല്‍ കൊയിലാണ്ടി നഗരസഭ നിലവില്‍ വന്നതുമുതല്‍ എല്‍.ഡി.എഫ്. ആണ് ഭരിക്കുന്നത്. പാര്‍ട്ടിയിലെ കുഴപ്പം കാരണം നഗരസഭാ ഭരണം നഷ്ടപ്പെടുന്നത് സി.പി.ഐ.എമ്മിന് വലിയ തിരിച്ചടിയാവും.

സി.പി.എം. ഏരിയാ കമ്മിറ്റിയില്‍ എട്ട് അംഗങ്ങളാണ് ബാലകൃഷ്ണനെതിരെ കടുത്ത നടപടി വേണമെന്ന് ശഠിച്ചത്. ചില അംഗങ്ങള്‍ നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ കര്‍ക്കശ നിലപാടിനു മുന്നില്‍ നടപടി കനക്കുകയായിരുന്നു.

Advertisement