Categories

സി.ബി.ഐയേക്കാള്‍ കരുത്തുള്ള അന്വേഷണ ഏജന്‍സിയാണ് സി.പി.ഐ.എമ്മെന്ന് പ്രകാശ് കാരാട്ട്

prakash-karat

തിരുവന്തപുരം: രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയാക്കാള്‍ സൂക്ഷമമായ അന്വേഷണ സംവിധാനമാണ് സി.പി.ഐ.എമ്മിനുള്ളതെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

സി.ബി.ഐയെക്കാള്‍ സൂക്ഷമമായും ജാഗ്രതയോടെയുമാണ് പാര്‍ട്ടി കാര്യങ്ങള്‍ പഠിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ട സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തിരുവന്തപുരത്ത് ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിരഹിതമാണെന്നതാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്ത്. അതിനാലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചത്.

ബംഗാളിലെ 34 വര്‍ഷം നീണ്ടുനിന്ന ഭരണകാലത്തും കേരളത്തിലെ ഭരണകാലത്തും പാര്‍ട്ടിയുടെ ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഇത് മനസിലാക്കിയാണ് കോണ്‍ഗ്രസും യുഡിഎഫും പിണറായി വിജയനെതതിരെ ഗൂഢാലോചന നടത്തിയത്. നേതാക്കള്‍ തെറ്റ് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ട്. കേസിന്റെ ഒരു ഘട്ടത്തിലും പിണറായിയെക്കുറിച്ച് പാര്‍ട്ടിക്ക് സംശയം ഉണ്ടായിരുന്നില്ല.

ലാവ് ലിന്‍ കേസുമായി കേന്ദ്ര സര്‍ക്കാറിന്റെ അടുത്ത് ഒരു ചര്‍ച്ചക്കും പോയിട്ടില്ല. സി.ബി.ഐയെ രാക്ഷ്ട്രീയ നേട്ടത്തിനുള്ള ഉപാധിയാക്കുകയാണ് കോണ്‍ഗ്രസ്. ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.

സിബിഐയേക്കാള്‍ കരുത്തുള്ള അന്വേഷണ ഏജന്‍സി സിപിഐ എം ആണ്. പാര്‍ട്ടി അധികാരത്തിലുള്ളപ്പോഴും മറ്റും ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ പ്രവര്‍ത്തനം പാര്‍ട്ടി വിലയിരുത്താറുണ്ട്. അഴിമതി പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കില്ല.

പിണറായിക്കെതിരായ ആരോപണം പാര്‍ട്ടി നേതൃത്വം പരിശോധിച്ചു. ആരോപണത്തില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്ന് മനസിലായി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാര്‍ട്ടി പറഞ്ഞു.

ഈ കേസുമായി മുന്നോട്ട് പോകാനാകില്ലെന്ന കോടതി വിധി പാര്‍ട്ടിയുടെ നിലപാട് ശരിവെക്കുന്നതാണെണ്. പാര്‍ട്ടി അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പിണറായിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും കാരാട്ട് വ്യക്തമാക്കി.

തിരുവന്തപുരത്ത് ഗാന്ധി പാര്‍ക്കില്‍ വച്ച്  നടന്ന സ്വീകരണചടങ്ങില്‍ സിപിഐ എമ്മിന്റെയും ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെയും മുന്‍നിര നേതാക്കള്‍ പങ്കെടുത്തു.

Tagged with: |