കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കേസില്‍ അറസ്റ്റിലയാ പ്രതികളുടെ മൊഴി ചോര്‍ത്തി നല്‍കിയതും ഇതിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അഡ്വ. ടി.വി. കുഞ്ഞികൃഷ്ണന്‍ മുഖേന സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.

മൊഴികള്‍ ഇത്തരത്തില്‍ പുറത്തുവിടുന്നത് 2010 ഡിസംബര്‍ 22 ലെ കോടതി വിധി അനുസരിച്ച് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിയിലെ വാദം. കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ മൊഴികള്‍ പുറത്തുവിടരുതെന്നും കോടതിയില്‍ മാത്രമേ ഇവ സമര്‍പ്പിക്കാവൂ എന്നുമാണ് ഈ വിധിയില്‍ പറയുന്നത്.

പ്രതികളുടെ മൊഴിയെന്ന പേരില്‍ പോലീസ് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമങ്ങള്‍ വിവരങ്ങള്‍ തെറ്റായാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. പോലീസുകാരാണ് മൊഴികള്‍ പുറത്തുവിടുന്നതെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം.

ഇതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കരിവാരിത്തേക്കുന്ന രീതിയയിലുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.