Categories

സി.പി.ഐ.എം ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിക്കുന്നു: കെ.സി.വേണുഗോപാല്‍

venugopal

ആലപ്പുഴ:  തനിക്കെതിരെ സി.പി.എം ബ്‌ളാക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സി.പി.ഐ എമ്മിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമൊന്നിച്ചുള്ള ദൃശ്യങ്ങള്‍ ഉണ്ടെന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനടക്കമുള്ളവരുടെ ആരോപണം മുന്‍ നിര്‍ത്തിയാണ് കെ.സി.വേണുഗോപാലിന്റെ പ്രതികരണം.

”തനിക്കെതിരെ ആരോപിക്കപ്പെടുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഹാജരാക്കണം. അല്ലാതെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച്, പൊലീസ് ആരോപണം ഉന്നയിക്കുന്നവരെ ചോദ്യംചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.

കുറേനാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്”. ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സരിതയും ഉന്നതരുമായുള്ള ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ അഡ്വ. ജേക്കബ് മാത്യു വെളിപ്പെടുത്തിയിരുന്നു.

മന്ത്രിമാരായ എ. പി എനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരടങ്ങുന്ന ദൃശ്യങ്ങളാണ് തന്റെ പക്കലുള്ളതെന്നും രേഖാമൂലം ബിജുവിന്റെ അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ജേക്കബ് മാത്യു പറഞ്ഞിരുന്നു.

പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രിമാരുമൊത്തുള്ള ദൃശ്യങ്ങള്‍ കയ്യിലുള്ളതായി ബിജുരാധാകൃഷ്ണന്റെ അഭിഭാഷകന്‍ തന്നോട് പറഞ്ഞതായി വി.എസും വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത്് വരുന്നതിന് മുമ്പ മന്ത്രിമാര്‍ രാജിവച്ച് പുറത്ത് പോകണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

Tagged with: |