തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ആത്മവിമര്‍ശനം. പാര്‍ട്ടിയുടെ മുകള്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെ ജീര്‍ണിച്ച കമ്പുകളുണ്ടെന്നും പാര്‍ട്ടിയിലെ ജീര്‍ണത പൂര്‍ണമായി തുടച്ചു നീക്കുമെന്നും പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെ വിഭാഗീയമായി കാണാതെ ജീര്‍ണത നീക്കാന്‍ ശ്രമിക്കും.

തോല്‍വിയെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടുകളും ലഭ്യമായ ശേഷം വിശദമായ അവലോകനം നടത്തും. സാമുദായിക സംഘടനകളുമായുള്ള പാര്‍ട്ടിയുടെ സമീപനം തിരുത്തും. പാര്‍ട്ടി കൈക്കൊണ്ട ചില നയങ്ങള്‍ സമുദായ സംഘടനകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്.

Subscribe Us:

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത ശക്തികളുടെ ഏകീകരണം വ്യാപകമായി ഉണ്ടായിട്ടില്ല. ചില കേന്ദ്രങ്ങളില്‍ ഇത്തരം ഏകീകരണത്തിന് ശ്രമം നടന്നുവെങ്കിലും പലയിടങ്ങളിലും അത് നടന്നിട്ടില്ല. മതസമുദായ സംഘടനകളുടെ തെറ്റിദ്ധാരണകള്‍ നീക്കും.

ട്രേഡ് യൂനിയന്‍ രംഗത്തെ നോക്ക് കൂലി പോലുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്തുമെന്നും പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതിയില്‍ പൊതു ചര്‍ച്ചയുണ്ടാവില്ല.

അതേ സമയം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന് സി.പി.ഐ, ആര്‍.എസ്.പി സെക്രട്ടേറിയേറ്റ് യോഗങ്ങളില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനമുണ്ടായി. സി.പി.ഐ.എം മത സാമുദായിക സംഘടനകളോട് ഏറ്റുമുട്ടല്‍ നിപാട് സ്വീകരിച്ചത് മുന്നണിക്ക് തിരിച്ചടിയായെന്ന് ഇരു പാര്‍ട്ടികളിലും അഭിപ്രായമുയര്‍ന്നു. എന്നാല്‍ സി.പി.ഐ.എം പ്രചാരണത്തെ തെറ്റായ ദിശയിലേക്ക് കൊണ്ട് പോയപ്പോള്‍ സി.പി.ഐ നോക്കി നിന്നുവെന്ന് ചിലര്‍ വിമര്‍ശനമുന്നയിച്ചു.