Categories

സി.പി.ഐ.എം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം

cpim
ന്യൂഡല്‍ഹി: സി.പി.ഐ.എം തയ്യാറാക്കുന്ന തെറ്റുതിരുത്തല്‍ രേഖയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍. പദവി ദുരുപയോഗിച്ചാല്‍ നടപടിയുണ്ടാകുന്നതുള്‍പ്പെടെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വരെ വ്യക്തമായ മാര്‍ഗ നിര്‍ദേശമാണ് പെരുമാറ്റച്ചട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മന്ത്രിമാര്‍ പദവി ദുരുപയോഗം ചെയ്യരുത്. സ്വജന പക്ഷപാതം അനുവദിക്കില്ല, പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തരുത്, ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് നിന്ന് അംഗീകാരം വാങ്ങിയിരിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇവ പാലിക്കപ്പെടുന്നുണ്ടോയെന്ന്് സംസ്ഥാനഘടകങ്ങള്‍ ഉറപ്പുവരുത്തണം. പാര്‍ലമെന്ററി രംഗത്തുളളവര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. കേരളത്തിലെ ചില മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിച്ച കാര്യം പോളിറ്റ്ബ്യൂറോയുടെ പരിഗണനക്ക് വന്നുവെന്നാണ് വിവരം.

മുഴുവന്‍ സമയപ്രവര്‍ത്തകര്‍ക്ക് മിനിമം കൂലിയില്‍ കുറയാത്ത വേതനം ലഭ്യമാക്കണമെന്ന് കരടില്‍ പറയുന്നു. പാര്‍ട്ടി അംഗങ്ങളുടെ ലെവി വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ അലവന്‍സ് 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്. പ്രവര്‍ത്തകര്‍ക്ക് മാന്യമായ ജീവിതം നല്‍കാനാണ് അലവന്‍സ് വര്‍ധിപ്പിച്ചതെന്ന് സി.പി.ഐ.എം നേതാവ് വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന മതസ്വാധീനം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പ്രത്യയ ശാസ്ത്രപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ വ്യതിയാനങ്ങളില്‍നിന്ന് മന്ത്രിമാര്‍ അടക്കമുളള നേതാക്കളും മുക്തരല്ലെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരാനുളള നിര്‍ദ്ദേശം. അടുത്ത ആറുമാസത്തിനകം തെറ്റുതിരുത്തല്‍ രേഖ പ്രബല്യത്തിലാക്കി കേരളത്തിലും ബംഗാളിലും അടക്കമുളള സംസ്ഥാനങ്ങളില്‍ നീയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുകയാണ് പാര്‍ട്ടി ലക്ഷ്യം. തെറ്റുതിരുത്തല്‍ രേഖയുടെ കരട് പൂര്‍ത്തിയാക്കി 23 മുതല്‍ 25 വരെ ചേരുന്ന കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിനു വക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.