തിരുവുവനന്തപുരം: സീറ്റ്  വിഭജനത്തെച്ചൊല്ലി സി.പി.ഐ.എം-സി.പി.ഐ തര്‍ക്കം. സി.പി.ഐ.എം നല്‍കിയ ചില സീറ്റുകള്‍ തങ്ങള്‍ക്ക് വേണ്ടെന്ന സി.പി.ഐ നിലപാടാണ് തര്‍ക്കത്തിന് ഇടയാക്കുന്നത്. സി.പി.ഐക്ക് നല്‍കിയ പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലം തങ്ങള്‍ക്ക് വേണ്ടെന്ന അവര്‍ സി.പി.ഐ.എമ്മിനെ അറിയിച്ചു കഴിഞ്ഞു.

നിലവില്‍ പത്തനംതിട്ടയില്‍ സി.പി.ഐക്ക് സീറ്റില്ല. എന്നാല്‍ സി.പി.ഐ.എമ്മില്‍ ഗ്രൂപ്പ് വഴക്ക് നിലനില്‍ക്കുന്ന കോന്നി തങ്ങളുടെ തലയില്‍ വെച്ച് കെട്ടാനുള്ള നീക്കമാണ് സി.പി.ഐ.എം നടത്തുന്നതെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. കോന്നിക്ക് പകരം കൊല്ലം അടൂര്‍ വേണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ ആവശ്യം സി.പി.ഐ.എം അംഗീകരിച്ചിട്ടില്ല. തങ്ങള്‍ക്ക് ഒരു സംവരണ മണ്ഡലം കൂടി വേണമെന്നും അത് അടൂരോ മാവേലിക്കരയോ ആവണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നുണ്ട്.

ഇതിന് പുറമെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തങ്ങള്‍ക്ക് നല്‍കിയ സീറ്റ് വേണ്ടെന്നാണ് സി.പി.ഐ നിലപാട്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കുമെന്ന് പറയുന്ന ഹരിപ്പാട് വിജയ സാധ്യത കുറവാണെന്ന് അവര്‍ കരുതുന്നു. ഹരിപ്പാട് മത്സരിക്കുന്ന കാര്യത്തില്‍ സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ രണ്ട് അഭിപ്രായമുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറും തങ്ങള്‍ക്ക് വേണ്ടെന്ന് സി.പി.ഐ അറിയിച്ചിട്ടുണ്ട്. ജയസാധ്യത കുറഞ്ഞ ഇരിക്കൂറിന് പകരം കടന്നപ്പള്ളിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന കണ്ണൂര്‍ ടൗണ്‍ വേണമെന്നാണ് സി.പി.ഐ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും അംഗീകരിച്ച് കൊടുക്കേണ്ടെന്നാണ് സി.പി.ഐ.എം തീരുമാനം.

നേരത്തെ വൈക്കത്ത് സിറ്റിങ് എം.എല്‍.എ അജിത്തിനെ മത്സരിപ്പിക്കാനുള്ള സി.പി.ഐ തീരുമാനത്തെ സി.പി.ഐ.എം എതിര്‍ത്തിരുന്നു. മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് സി.പി.ഐ.എം ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കേണ്ടെന്നാണ് സി.പി.ഐ തീരുമാനം.