എഡിറ്റര്‍
എഡിറ്റര്‍
പരസ്യവിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്: സി.പി.ഐ-സി.പി.ഐ.എം പോര് രൂക്ഷം
എഡിറ്റര്‍
Thursday 16th August 2012 8:36am

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നാലെ സി.പി.ഐ.എം-സി.പി.ഐ കക്ഷികളില്‍ ഉടലെടുത്ത ഭിന്നതകള്‍ക്ക് ശക്തിപകര്‍ന്ന് നേതാക്കളുടെ പരസ്യപ്രസ്താവനകള്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരസ്യപ്രസ്താവനയോടെ ആരംഭിച്ച പോര് കഴിഞ്ഞദിവസം സി.പി.ഐ മുഖപത്രം ജനയുഗം സി.പി.ഐ.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം എഴുതുന്നത് വരെ എത്തിയിരുന്നു.

Ads By Google

മുഖപ്രസംഗത്തിന് മറുപടിയുമായി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ പോര് ഒന്നുകൂടി മൂര്‍ഛിച്ചിരിക്കുകയാണ്. സി.പി.ഐ അരാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. അരാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ തിരുത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മനോരമയുടെയും മാതൃഭൂമിയുടെയും രാഷ്ട്രീയത്തിലേക്ക് സി.പി.ഐ നീങ്ങിയോ. സി.പി.ഐ.എം ആശയം സി.പി.ഐ നടപ്പിലാക്കണമെന്ന് ഒരുകാലത്തും ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയം മനസ്സിലാക്കി സഹായിക്കണെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും പിണറായി പറഞ്ഞു.

യു.പി.എ സര്‍ക്കാരില്‍ സ്പീക്കര്‍ സ്ഥാനത്തിന് വേണ്ടി കേന്ദ്രകമ്മിറ്റിയംഗത്തിന്റെ സേവനം നല്‍കിയെന്ന മുഖപ്രസംഗത്തിലെ വിമര്‍ശനത്തിന് മറുപടി നല്‍കാനും പിണറായി മറന്നില്ല. കോണ്‍ഗ്രസിന്റെ കൂടെ ഭരിച്ച കാലം സി.പി.ഐ പത്രാധിപര്‍ മറക്കരുത്. ജനസംഘത്തിന്റെ കൂടെ ഇരിക്കാനും മടികാണിച്ചില്ല. അത്തരം അല്‍പ്പത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം. അച്യുതമേനോന്‍ സര്‍ക്കാരാണ് അടിയന്തരാവസ്ഥക്കാലത്ത് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും മറക്കരുതെന്ന് പിണറായി പറഞ്ഞു.

ഹര്‍ത്താലിനെ മനോരമയും മാതൃഭൂമിയും എതിര്‍ക്കുന്നത് മനസ്സിലാക്കാം. ആ രാഷ്ട്രീയത്തിലേക്ക് ജനയുഗവും മാറിയോ എന്നും അദ്ദേഹം ചോദിച്ചു.

പിണറായിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അല്പസമയത്തിനുള്ളില്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. പൊതുവേദിയില്‍ പ്രസംഗിക്കുമ്പോള്‍ പിണറായി പക്വത കാണിക്കണമെന്നായിരുന്നു പന്ന്യന്റെ മറുപടി.

സി.പി.ഐയുടെ സമരത്തെ സി.പി.ഐ.എം സഹായിച്ചിട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രശ്‌നങ്ങളില്‍ കക്ഷിചേരുന്നതായും പന്ന്യന്‍ കുറ്റപ്പെടുത്തി.

ആത്മാഭിമാനമുണ്ടെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വൈക്കം വിശ്വന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് സി. ദിവാകരനും രംഗത്തെത്തി. സി.പി.ഐ.എം അപവാദ വ്യവസായം നിര്‍ത്തണം. മുന്നണിയിലെ പ്രധാന ഘടകകക്ഷിയെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തി.

സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സി.എന്‍ ജയദേവനും രംഗത്തെത്തി. സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ ചങ്ങലയ്ക്കിടണമെന്ന് സിംബോളിക് ആയാണ് ആവശ്യപ്പെടുന്നതെന്നാണ് ജയദേവന്‍ പറഞ്ഞത്. അല്ലെങ്കില്‍ അദ്ദേഹത്തെ കൂട്ടിലടക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും ജയദേവന്‍ ആവശ്യപ്പെട്ടു.

ചാരിത്ര്യശുദ്ധി അവകാശപ്പെടാന്‍ സി.പി.ഐ.എമ്മിന് അവകാശമില്ലെന്നായിരുന്നു സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണം. പഴയകാല ചരിത്രം നോക്കിയാല്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും വ്യത്യസ്ത സമീപനങ്ങളുണ്ടാകും. അതിനെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലെ മുഖ്യഘടകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് എല്‍.ഡി.എഫില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.ഐ രംഗത്തെത്തിയതോടെ പ്രശ്‌നം എളുപ്പം പരിഹരിക്കാമെന്ന മറ്റ് ഘടകകക്ഷികളുടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.

ഇനി പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ചെറുഘടകകക്ഷികളില്‍ ആരെങ്കിലും മുന്നോട്ട് വരണം. ഇതിന് ആര് മുന്‍കൈയെടുക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഭരണപക്ഷ നിലപാടിനെതിരായ വിമര്‍ശനങ്ങളില്‍ പോലും ഇരുഘടകക്ഷികള്‍ക്കിടയിലും യോജിപ്പില്ലാത്ത അവസ്ഥയാണ്. നെല്ലിയാമ്പതി വിഷയത്തില്‍ ഇരുസംഘങ്ങളും വെവ്വേറെ സ്ഥലം സന്ദര്‍ശിച്ചത് അഭിപ്രായ ഭിന്നതയ്ക്ക് തെളിവാണ്.

ചന്ദ്രശേഖരന്‍ വധത്തോടെ സി.പി.ഐ.എമ്മിന് നഷ്ടപ്പെട്ട ജനസ്വാധീനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ പാര്‍ട്ടിയെ ആക്രമിക്കുന്നതെന്നാണ് സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആരോപണം. അതേസമയം ചന്ദ്രശേഖരന്‍ വധം, പി. ജയരാജന്റെ അറസ്റ്റ് എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള സി.പി.ഐ.എമ്മിന്റെ അടവാണിതെന്നാണ് സി.പി.ഐ പറയുന്നത്.

Advertisement