എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്ടായി വോട്ടഭ്യര്‍ത്ഥിയ്ക്കാന്‍ പുതിയ ശൈലി പരീക്ഷിച്ച് സി.പി.ഐ.എം
എഡിറ്റര്‍
Tuesday 25th March 2014 9:32am

cpim

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവരെ അണിനിരത്തി വോട്ടുതേടാന്‍ സി.പി.ഐ.എം. എന്നാല്‍ വോട്ടഭ്യര്‍ഥനാസംഘത്തില്‍ അംഗബലം കാണിയ്ക്കാതെ, പ്രാദേശിക റാലികളില്‍ ആളെക്കൂട്ടി, വോട്ടര്‍മാരുമായി സൗഹൃദഭാവം നിലനിര്‍ത്തുന്ന രീതിയില്‍ വോട്ടഭ്യര്‍ത്ഥന നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

പ്രചാരണത്തില്‍ വസ്ത്രധാരണ ശൈലിയിലും മാറ്റമുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള വേഷത്തോടെ വേണം പ്രചാരണത്തിനിറങ്ങാന്‍. ഇത് വീടുകളില്‍ നല്ല മതിപ്പുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിശദീകരണം. തീര്‍ന്നില്ല പാര്‍ട്ടിയുടെ നിയമങ്ങള്‍ പുകവലി, മുറുക്ക് എന്നിവ പാടില്ല, സംസാരത്തില്‍ മിതത്വം പാലിക്കണം, സ്‌ക്വാഡുകളില്‍ ഉള്‍പ്പെടുത്തുന്നവര്‍ ഏതു പ്രതികൂലസാഹചര്യത്തിലും വോട്ടര്‍മാരോടു സംയമനത്തോടെ സംസാരിക്കണം, വിയോജിപ്പ കാണിയ്ക്കുന്നവരോട് കയര്‍ത്ത് മറുപടി പറയരുത്. അടിമുടി മര്യാദരാമന്‍മാരായാണ് തന്നെ ഇറങ്ങാനാണ് ഇവരുടെ പുറപ്പാട്.

കക്ഷിരാഷ്ട്രീയത്തിന് പുറമെ പ്രാദേശിക വിഷയങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാവും പ്രചരണം. വോട്ടര്‍മാരുടെ വ്യക്തിപരമായ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലര്‍ ഉടന്‍ താഴേത്തട്ടിലെത്തും. ഇതിന് പുറമെ വോട്ട് തേടാനായി സമുദായ സ്‌ക്വാഡുകളുമുണ്ട്. മുസ്ലീം, െ്രെകസ്തവ, ധീവര സമുദായങ്ങശിലെ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിച്ച ഈ സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ പ്രചാരണം നടത്തും. അമൃതാനന്ദമയി മഠത്തിന് എതിരെ ഉണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് തീരദേശമേഖലകളില്‍ ഉയര്‍ന്ന എതിര്‍പ്പ് കുറയ്ക്കാനാണ് ധീവര സ്‌ക്വാഡിന്റെ ലക്ഷ്യം.

ജില്ല സെക്രട്ടറിേയറ്റ് അംഗത്തിനാണ് കണക്കെടുപ്പ് ചുമതല. ബൂത്ത് തലത്തില്‍ കണക്കെടുക്കുന്ന രീതി കുറ്റമറ്റതാക്കാനും നിര്‍ദേശമുണ്ട്. ബൂത്ത് തല കണക്കെടുപ്പ് എങ്ങാനും പാളിയാല്‍ കണക്കപ്പിള്ളമാര്‍ക്ക് കണക്കിന് പണിയും കിട്ടും. അതിനാല്‍ കണക്കെടുപ്പിന് പ്രത്യേക പരിശീലനവും നല്‍കി. പാര്‍ട്ടി കൂടുതലായി സ്വതന്ത്രരെ ആശ്രയിച്ചുവെന്നതിനെച്ചൊല്ലിയും വോട്ടര്‍മാര്‍ക്കു വിശദീകരണം നല്‍കും. അതേ സമയം ആര്‍.എസ്.പി. മുന്നണി വിട്ടത് ആസൂത്രിതനീക്കത്തെ തുടര്‍ന്നാണെന്നു വ്യക്തമാക്കും. എന്നാല്‍ സി.എം.പി, ജെ.എസ്.എസ്.ഘടകങ്ങള്‍ പുതുതായി മുന്നണിയിലേക്ക് എത്തിയതിനെ സാധൂകരിച്ചും സംസാരിക്കും.

അകന്നുനില്‍ക്കുന്നവരെ തിരികെയെത്തിച്ച് നേതൃനിരയില്‍ അവരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ പ്രത്യേകസ്ഥാനം നല്‍കും. വി.എസ്. പക്ഷക്കാരെന്ന പേരില്‍ മാറ്റിനിര്‍ത്തിയവരെ മുന്‍നിരയില്‍ കൊണ്ടുവരും. സാമുദായിക സംഘടനാനേതാക്കളെയും സഹകരിപ്പിക്കും. തെക്കന്‍ ജില്ലകളില്‍ സാമുദായികനേതാക്കളെ അണിനിരത്തിയതിലൂടെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. ആ നയം പൂര്‍വാധികം ഭംഗിയാക്കാനും നിര്‍ദേശം നല്‍കും. പാര്‍ട്ടിയില്‍ അനുരഞ്ജനമുണ്ടെന്നു ഉറപ്പുവരുത്തുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.

Advertisement