തിരുവനന്തപുരം: ലാവലിന്‍ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ വി.എസ് അച്യുതാനന്ദനെതിരെ നടപടിക്ക് ശുപാര്‍ശ. വി.എസിനെതിരെ  വേണമെന്ന പ്രമേയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. വി.എസിന്റെ അഭാവത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം അംഗീകരിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയം കേന്ദ്രകമ്മിറ്റിക്ക് കൈമാറും.

Ads By Google

Subscribe Us:

നിരന്തരമായി അച്ചടക്കം ലംഘിക്കുന്ന വി.എസിനെതിരെ നടപടി കൂടാതെ മുന്നോട്ട് പോകാനാകില്ലെന്ന് പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വി.എസിന്റെ വിവാദപരാമര്‍ശങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യേണ്ടതുണ്ട്. ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം പരസ്യമായി വി.എസ് പ്രതികരിക്കുകയാണ്.

പാര്‍ട്ടി ലാവലിനില്‍ അഴിമതിയില്ല എന്ന് വ്യക്തമാക്കിയതാണ്. തുടര്‍ന്നും വി.എസ് സ്വീകരിക്കുന്ന പരസ്യനിലപാട് പാര്‍ട്ടി തീരുമാനത്തോടുള്ള അവഹേളനമായാണ് സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്.

മാതൃഭൂമി ന്യൂസിലൂടെയാണ് വി.എസ് വീണ്ടും തുറന്നുപറച്ചില്‍ നടത്തിയത്. ലാവ്‌ലിന്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല. കേസില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സത്യത്തിന്റെ ഭാഗത്ത് മാത്രമേ നില്‍ക്കൂ എന്ന് താന്‍ മറുപടി നല്‍കുകയായിരുന്നുവെന്നാണ് വി.എസ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.

എസ്.എന്‍.എസി ലാവ്‌ലിനില്‍ അഴിമതി നടത്തിയത് കൊണ്ടാണ് പിണറായി പ്രതിയായത്. തെറ്റ്കാരനല്ലെങ്കില്‍ അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേ. കേസില്‍ ഇതിന് മുമ്പ് വന്ന ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ തെറ്റായ സമീപനമുണ്ടായി എന്ന് വ്യക്തമായി പറയുന്നുണ്ട്. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തില്‍ ശരിയാണെന്നും വി.എസ് പറഞ്ഞിരുന്നു.

ആരെയും തകര്‍ക്കാനായി കെട്ടിച്ചമച്ച കേസല്ല അത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മാത്രം വെളിപ്പെടുത്തല്‍ മാത്രമാണ്. ലാവ്‌ലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നതാവും ശത്രുതയ്ക്ക് കാരണം. 24 കൊല്ലം പി.ബിയിലുണ്ടായിരുന്ന തന്നെ പുറത്താക്കിയത് ലാവലിന്‍ കേസില്‍ സത്യത്തിന്റെ ഭാഗത്ത് നിന്നത് കൊണ്ടാണെന്നും തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കട്ടെയെന്നും വി.എസ് വെല്ലുവിളി നടത്തിയിരുന്നു.