ന്യൂ ദല്‍ഹി: വി.എസിനെതിരെ അച്ചടക്ക നടപടി തല്‍ക്കാലം വേണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം. സംഘടനാ വിഷയങ്ങള്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര നേതൃത്വം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

മണിയുടെ വിവാദ പ്രസംഗം പാര്‍ട്ടിക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ കോട്ടം വരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന് എതിരെ എടുത്ത അച്ചടക്ക നടപടി കുറഞ്ഞു പോയെന്നും വിലയിരുത്തുന്നുണ്ട്. മണിക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിരന്നു.

അതേസമയം സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റി തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെ കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചില്ല. ഇതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ല എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ടി.പിയുടെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും യോഗം വിലയിരുത്തിയിരുന്നു.

ഇപ്പോള്‍ പ്രശ്‌നം സംസ്ഥാന കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. 17 മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതി യോഗവും നടക്കും.