എഡിറ്റര്‍
എഡിറ്റര്‍
ഗള്‍ഫ് നാടുകളില്‍ തനിക്കെതിരെ ഉയരുന്ന ആരോപണത്തിന് പിന്നില്‍ സി.പി.ഐ.എം ഗൂഢാലോചന: വയലാര്‍ രവി
എഡിറ്റര്‍
Wednesday 14th November 2012 12:45am

മസ്‌കറ്റ്: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും ഗള്‍ഫ് നാടുകളിലും തനിക്കെതിരെ ആരോപണമുയരുന്നതിന് പിന്നില്‍ സി.പി.ഐ.എം ഗൂഢാലോചനയാണെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി.

Ads By Google

സി.പി.ഐ.എം നേതാക്കള്‍ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ച് നല്‍കിയ പാര്‍ട്ടി ക്ലാസുകളിലൂടെയാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും വയലാര്‍ രവി ആരോപിക്കുന്നു.

ഷാര്‍ജയില്‍ മാധ്യമപ്രവര്‍ത്തകരോട് കോപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും തന്റെ മുഖഭാവം കണ്ടാല്‍ ദേഷ്യപ്പെട്ടില്ലെന്ന് മനസ്സിലാക്കാമെന്നും ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും വയലാര്‍ രവി പറഞ്ഞു.
പ്രവാസികളുടെ യാത്രാപ്രശ്‌നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് എയര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഗള്‍ഫില്‍ വന്നതിന് ശേഷം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റുകാരുടെ പണി എടുക്കേണ്ടെന്നും ഇത്തരത്തിലുള്ള വേല തന്റെ അടുത്ത് ചിലവാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.  ‘പരിഹാരം ഉണ്ടാക്കി നിങ്ങള്‍ പറയൂ ഞാന്‍ അതു പോലെ ചെയ്യാം’ എന്ന് രോഷത്തോടെ മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം ഏറെ വിവാദമായിരുന്നു.

ഗള്‍ഫ് നാടുകളില്‍ അണികളെ ഉണ്ടാക്കാന്‍ വേണ്ടിയുള്ള സി.പി.ഐ.എം ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും വയലാര്‍ രവി പറയുന്നു. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോഴെല്ലാം ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ പ്രശ്‌നത്തിന് കാരണം ഗ്രൗണ്ട് സ്റ്റാഫ് വേണ്ട രീതിയില്‍ സേവനം നല്‍കാത്തതാണ്. വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയ യാത്രക്കാര്‍ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തില്ല. പ്രതിഷേധക്കാര്‍ കോക്പിറ്റില്‍ കയറിയെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്.

പാസ്‌പോര്‍ട്ട് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ്. പ്രവാസികള്‍ക്ക് മാത്രമല്ല നാട്ടിലും പാസ്‌പോര്‍ട്ട് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

വര്‍ധിപ്പിച്ച തുക സര്‍ക്കാറിനുള്ളതാണ് എംബസികള്‍ക്കല്ല. ഈ തുക ഉപയോഗിച്ചാണ് പല പ്രവാസി സുരക്ഷാ പദ്ധതികളും നടപ്പാക്കുന്നത്. ഷാര്‍ജിയില്‍ ശ്മശാനം നിര്‍മിക്കാനും സോഷ്യല്‍ ക്ലബ്ബിനുമായുള്ള തുകയെല്ലാം ഇങ്ങനെ ലഭിച്ചതാണെന്നും വയലാര്‍ രവി പറഞ്ഞു.

അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വയലാര്‍ രവിയെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയറ് വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ മസ്‌കറ്റിലെ റഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്ന വിവരം.

Advertisement