എഡിറ്റര്‍
എഡിറ്റര്‍
ആദിവാസികളെ വെടിവെച്ച കൊന്ന ബി.എസ്.എഫിനെതിരെ സി.പി.ഐ.എം: ത്രിപുരയില്‍ ബന്ദ്
എഡിറ്റര്‍
Saturday 18th March 2017 4:11pm

അഗര്‍ത്തല: ആദിവാസികളെ വെടിവെച്ചു കൊന്ന ബി.എസ്.എഫിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ത്രിപുരയില്‍ സി.പി.ഐ.എം ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം.

കഴിഞ്ഞദിവസമാണ് തെക്കന്‍ ത്രിപുരയിലെ ചിദംബരി ആദിവാസികള്‍ ബി.എസ്.എഫിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരകുമാര്‍ ത്രിപുര (40), മാന്‍ കുമാര്‍ ത്രിപുര (30), സ്വരലക്ഷ്മി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സുനില്‍കുമാര്‍ ത്രിപുര (47), ജബിന്‍ കുമാര്‍ ത്രിപുര (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സംഭവത്തെ അപലപിച്ച് ഭരണകക്ഷിയായ സി.പി.ഐ.എം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ഉടന്‍ സമര്‍പ്പിക്കാന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘നിഷ്ഠൂരവും കിരാതവുമായ’ ആക്രമണം എന്നാണ് ഈ സംഭവത്തെ സി.പി.ഐ.എം സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാരായ ബി.എസ്.എഫ് ജവാന്മാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

നഗരത്തിലെ മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. മാര്‍ക്കറ്റുകളും തുറന്നിട്ടില്ല. വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും മറ്റും അടഞ്ഞുകിടക്കുകയാണ്.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ബി.എസ്.എഫ് ജവാന്മാര്‍ക്കെതിരെ ആദിവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം റബ്ബര്‍ തോട്ടത്തില്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഇക്കാര്യം ചോദ്യം ചെയ്ത ഗ്രാമീണര്‍ക്കുനേരെ ജവാന്മാര്‍ വെടിയുതിര്‍ക്കുകയാണുണ്ടായതെന്നുമാണ് പരാതിയില്‍ പറയുന്നത്.

Advertisement