എഡിറ്റര്‍
എഡിറ്റര്‍
ബേഡകത്ത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു
എഡിറ്റര്‍
Tuesday 6th November 2012 4:08pm

കാസര്‍ഗോഡ്‌: വിഭാഗീയത രൂക്ഷമായ കാസര്‍ഗോഡ്‌ ബേഡകത്ത് ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു. ശങ്കരംപാടി ബ്രാഞ്ച് സെക്രട്ടറി മധു മാളിയേക്കലാണ് രാജിവച്ചത്.

ബേഡകം ഏരിയാ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് ഏരിയാ കമ്മിറ്റി അംഗീകരിച്ചത്.

Ads By Google

കഴിഞ്ഞ ദിവസം നടന്ന ബേഡകം ഏരിയാ കമ്മിറ്റി യോഗം ഭൂരിപക്ഷ അംഗങ്ങളും ബഹിഷ്‌കരിച്ചിരുന്നു. ഏരിയാ സെക്രട്ടറിയെ നീക്കുന്നതടക്കമുള്ള ജില്ലാക്കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചത്.

17 അംഗ ഏരിയാ കമ്മിറ്റിയിലെ 11 അംഗങ്ങളും യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാതെ യോഗം പിരിഞ്ഞു.

ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിലെ അഞ്ച് അംഗങ്ങളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കാനാണ് ജില്ലാ നേതൃത്വം ബേഡകം ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്.

ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ അടക്കം ആറ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നു. ഏരിയാ കമ്മിറ്റി അംഗം ഓമന രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചെങ്കിലും ഭൂരിപക്ഷ അംഗങ്ങളും ബഹിഷ്‌കരിച്ചതിനാല്‍ യോഗം മാറ്റിവെയ്ക്കുകയായിരുന്നു.

Advertisement